
കാസർകോട്: പട്ടാപകൽ കാറിലെത്തിയ അഞ്ചംഗസംഘം യുവാവിനെ ദേശീയപാതയോരത്തുനിന്ന് തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കറന്തക്കാട് ആര്യഭവൻ ഹോട്ടലിന്റെ മുന്നിലെ സർവീസ് റോഡിലേക്കാണ് കാറിൽ അഞ്ചുപേരടങ്ങിയ സംഘമെത്തിയത്. ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്.
സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഘത്തെ കർണാടകയിലെ സകലേശ്പുരിനടുത്ത് കർണാടക പോലീസിന്റെ സഹായത്തോടെ തടഞ്ഞു. രാത്രിയോടെ കാസർകോട് പോലീസിന് കൈമാറിയ പ്രതികളെയും യുവാവിനെയും പോലീസ് സംഘം രാത്രിവൈകി കാസർകോട്ടെത്തിച്ചു.
മൂന്ന് ദിവസത്തിലേറെയായി സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽനിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയത്. ബേക്കൽ സ്വദേശിയായ ശരീഫ് എന്നയാളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും സംശയിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. ടൗൺ എസ്ഐ സജിമോൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കാസർകോട്ടെത്തിച്ചത്.



