
കോട്ടയം: ക്രിസ്മസ് ദിനങ്ങളെ മനോഹരമാക്കാൻ പുൽക്കൂടുമായി പാലക്കാട് വണ്ണാമട സ്വദേശി അറുമുഖവും കുടുംബവും കോട്ടയത്തെത്തി.
ഉണ്ണിയേശുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി നിൽക്കുകയാണ്. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കൊപ്പംതന്നെ പുൽക്കൂടും തയാറാക്കണം.
പതിവ് തെറ്റിക്കാതെയാണ് അറുമുഖം പുൽക്കൂടുമായി നഗരത്തിൽ എത്തിയത്.
അഞ്ചാം വർഷമാണ് ഇവർ തുടർച്ചയായി പുൽക്കൂട് വില്പനയ്ക്കായി കോട്ടയത്തെത്തുന്നത്. നാഗസടം നെഹ്റു സ്റ്റേഡിയത്തിനുസമീപം വഴിയരികിലാണ് വില്പന. 25 വരെ വില്പനയുണ്ടാകും. മുള, കച്ചി, നൂൽക്കമ്പി എന്നിവ ഉപയോഗിച്ചാണ് പുല്ക്കൂട് നിര്മിക്കുന്നത്. പുൽക്കൂടിനുള്ള ചട്ട പാലക്കാട്ടുനിന്നു തയാറാക്കി കൊണ്ടുവരും.
ഇവിടെ എത്തി ബാക്കി പണികൾ പൂര്ത്തിയാക്കി പുൽക്കൂട് വില്പനയ്ക്ക് ഒരുക്കും. വിവിധ വലുപ്പത്തിലുള്ള പുല്ക്കൂടുകൾ വില്പനയ്ക്കുണ്ട്. 250 മുതല് 550 രൂപവരെയാണ് വില. ക്രിസ്മസ് സീസണിൽ മാത്രമാണ് പുല്ക്കൂട് നിർമാണം. ബാക്കിയുള്ള സമയത്ത് കുട്ട നെയ്ത് ഉപജീവനം കണ്ടെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലാസ്റ്റിക്, ഫൈബർ പുൽക്കൂടുകൾ എത്തിയതോടെ കച്ചവടം കുറഞ്ഞതായി അറുമുഖം പറയുന്നു. കഴിഞ്ഞ വർഷം കച്ചവടം കുറവായിരുന്നു. പഠിച്ച തൊഴിലാണ്, അത് നിർത്താന് പറ്റില്ല. മകന് ശരവണ കുമാറും ഭാര്യ വിമലയും സഹായത്തിനുണ്ട്. കോട്ടയത്തിനു പുറമേ പാലായിലും കച്ചവടമുണ്ട്.



