
കളമശേരി: ഏലൂർ പാതാളം ഇ.എസ്.ഐ.സി ആശുപത്രി കാന്റീൻ അടച്ചുപൂട്ടിയിട്ട് ഒരു മാസം. ആയിരക്കണക്കിന് രോഗികളും കൂട്ടിരുപ്പുകാരും ആശ്രയിക്കുന്ന കാന്റീൻ തുറന്നു പ്രവർത്തിക്കാൻ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
കാന്റീൻ ഒരു വർഷത്തേക്ക് സ്വകാര്യ ഏജൻസിക്ക് കരാർ കൊടുക്കുന്ന സബ്രദായമാണ് നിലവിലുള്ളത്. കരാർ ലംഘനം നടത്തി അമിതമായ നിരക്ക് ഈടാക്കുന്നതും ഭക്ഷണത്തില്‍ പലതവണ ഒച്ചിനെ കണ്ടെത്തിയതിലും പരാതി ഉയർന്നിരുന്നു.
താലൂക്ക് സപ്ലൈ ഉദ്യോഗസ്ഥരും ഏലൂർ നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കരാറുകാരൻ പിഴ ഒടുക്കേണ്ടി വന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ അടച്ചിടാൻ നോട്ടീസും നല്‍കി. കാന്റീൻ പരിസരത്ത് മാലിന്യങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നതും കാടുകയറി കിടക്കുന്നതും പരിഹരിക്കുന്നതിന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് നോട്ടീസ് നല്‍കിയിരുന്നു. തുടർന്ന് കരാർ കാലാവധി കഴിഞ്ഞ കാന്റീൻ നടത്തിപ്പ് ഏജൻസിയെ പുറത്താക്കി അടച്ചുപൂട്ടുകയായിരുന്നു.
രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ദുരിതം
രോഗികള്‍ക്ക് കൂട്ടിരിക്കുന്നവർ ചായ, ഭക്ഷണം എന്നിവ വാങ്ങുന്നതിനായി അര കി.മീ ദൂരം നടക്കേണ്ട അവസ്ഥയാണ്. രക്തപരിശോധനയ്ക്ക് എത്തുന്നവർ ഭക്ഷണത്തിന് ശേഷമുള്ള രണ്ടാമത്തെടെസ്റ്റ് നടത്തുന്നതിനായി ഭക്ഷണത്തിനായി വീണ്ടും പുറത്തേക്ക് പോകണം.
ഞായറാഴ്ച പുറത്തുള്ള ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ ജില്ലയുടെ പല പ്രദേശങ്ങളില്‍ നിന്നുള്ള കിടപ്പുരോഗികളുടെ കൂട്ടിരുപ്പുകാർക്ക് ഭക്ഷണം കിട്ടാനും ബുദ്ധിമുട്ടാണ്.



