കുടമാളൂരിലെ കിംസ് ആശുപത്രി വീണ്ടും സാമ്പത്തിക തട്ടിപ്പ് കുരുക്കിൽ: മുൻ ഉടമകളെ വഞ്ചിച്ച കേസിൽ കിംസ് ആശുപത്രി മാനേജ്മെന്റിനെതിരെ ക്രിമിനൽ കേസ്: ആരോഗ്യമേഖലയിലെ കേസുകൾക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പിലും കിംസ് പ്രതി
സ്വന്തം ലേഖകൻ
കോട്ടയം: രോഗീ പരിപാലനത്തിൽ നിരവധി കേസിലും പരാതിയിലും കുടുങ്ങിയ കുടമാളൂരിലെ കിംസ് ആശുപത്രി സാമ്പത്തിക തട്ടിപ്പ് കേസിലും പ്രതിസ്ഥാനത്ത്. കിംസ് ആശുപത്രി നേരത്തെ അറിയപെട്ടിരുന്നത് ബെല്‍റോസ് ആശുപത്രി എന്നായിരുന്നു. ബെൽ റോസിൽ നിന്ന് ആശുപത്രി കിംസ് ഗ്രൂപ്പ് വാങ്ങിയത് ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കിംസ് ആശുപത്രി ശൃംഖലയുടെ മേധാവികള്‍ക്കും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥര്ക്കുമെതിരേയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്. കോട്ടയം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എസ്പി. സാബു മാത്യു പ്രാഥമിക വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോട്ടയം കുടമാളൂരില്‍ ബെല്‍റോസ് ആശുപത്രിക്കു തുടക്കമിട്ട ജൂബി ദേവസ്യ, പത്നി ബെവിസ് തോമസ് ദമ്പതികള്‍ നല്കിയ പരാതിയിലാണു നടപടി.കിംസ്-ബെല്‍റോസ് ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. എം.ഐ. സഹദുള്ള, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഇ.എം. നജീബ്, ജി. വിജയരാഘവന്, സുഹറ പടിയത്ത്, മുഹമ്മദ് സാലിക്കുഞ്ഞ്, ജോസ് തോമസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്മാന് സലിം ഗംഗാധരന്, മാനേജിങ് ഡയറക്ടര്‍ വി.ജി. മാത്യു തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍.
ദീര്‍ഘകാലം അമേരിക്കയിലായിരുന്ന ജൂബി ദേവസ്യയും പത്നി ബേവിസ് തോമസും 2010-ലാണ് ബെല്‍റോസ് ആശുപത്രിക്കു തുടക്കമിട്ടത്. രണ്ടര ഏക്കര്‍ സ്ഥലത്ത് അര ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിര്‍മ്മിച്ചാണ് ആശുപത്രി തുടങ്ങിയത്. ആശുപത്രി വികസനവും മികച്ച നടത്തിപ്പും ലക്ഷ്യമിട്ടാണു കിംസ് ഗ്രൂപ്പുമായി സഹകരിച്ചത്.സ്ഥാപക ദമ്പതികള്‍ക്ക് 45 ശതമാനവും കിംസ് ഗ്രൂപ്പിന് 55 ശതമാനവും ഓഹരി പങ്കാളിത്തമായിരുന്നു തുടക്കത്തിലെ കരാര്‍.
തങ്ങള്‍ക്ക് അന്യായ ലാഭവും പരാതിക്കാര്‍ക്ക് അന്യായ നഷ്ടവും വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തുകയും മറ്റും ചെയ്തെന്നാണ് എഫ്.ഐ.ആറിന്റെ ഉള്ളടക്കം. കുടമാളൂരിലുള്ള ബെല്‍റോസ് ആശുപത്രിയുടെ 55 ശതമാനം ഓഹരികള്‍ കരാര്‍ പ്രകാരം ഒന്നു മുതല്‍ ആറുവരെ പ്രതികള്‍ സ്വന്തമാക്കിയിരുന്നു. ഇവര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖകള്‍ തയാറാക്കുകയും ബാങ്കിന്റെ തിരുവനന്തപുരം ശാഖയില്‍നിന്ന് 43 കോടി രൂപ വായ്പയെടുക്കുകയും ചെയ്തു. കോട്ടയം കിംസ്-ബെല്‍റോസ് ആശുപത്രിയുടെ വികസനത്തിനെന്ന പേരില്‍ വായ്പയെടുത്ത തുക ബാങ്കില്‍ തിരിച്ചടയ്ക്കാതെ പരാതിക്കാര്‍ക്ക് 63 കോടിയോളം രൂപ നഷ്ടമാക്കി. പ്രതികള്‍ പരസ്പരം സഹകരിച്ചാണ് വഞ്ചന നടത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
നേരത്തേ, ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈ.എസ്പി. നടത്തിയ പ്രാഥമികാന്വേഷണത്തില്‍ നാലു കോടി രൂപയുടെ സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയിരുന്നു. പരാതിയുടെ വ്യാപ്തിയും സങ്കീര്‍ണതയും കണക്കിലെടുത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതാകും ഉചിതമെന്നായിരുന്നു കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ശിപാര്‍ശ.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നതു ചൂണ്ടിക്കാട്ടി ജൂബി ദേവസ്യ ഹൈക്കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ എഫ്.ഐ.ആര്. സമര്‍പ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം കുടമാളൂരിലെ ബെല്‍റോസ് ആശുപത്രി 2013-ലാണ് കിംസ് ആശുപത്രി ഗ്രൂപ്പുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടത്. കടുത്ത വഞ്ചനയ്ക്ക് ഇരയായെന്നും തങ്ങളറിയാതെ കിംസ്-ബെല്‍റോസ് ആശുപത്രിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് 43 കോടി രൂപ വായ്പയെടുത്ത് കിംസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലേക്കു വഴിതിരിച്ചുവിട്ടെന്നുമാണു ജൂബി-ബെവിസ് ദമ്ബതികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ജൂബി ദേവസ്യ നല്കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്.28 വര്‍ഷത്തെ പ്രവാസജീവിതത്തിലെ മുഴുവന്‍ സമ്ബാദ്യത്തിനു പുറമേ വായ്പയെടുത്ത പണവും ഉപയോഗിച്ച് ആശുപത്രി സംരംഭം തുടങ്ങിയ ദമ്പതികളെ കിംസ് ആശുപത്രി ഗ്രൂപ്പ് ആസൂത്രിതമായി വഞ്ചിച്ചെന്നാണു പരാതിയിലെ അടിസ്ഥാന ആരോപണം.കിംസ് ആശുപത്രി ശുംഖലയുടെ ഓഹരികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള (ഐ.പി.ഒ) നടപടികളുമായി മാനേജ്മെന്റ് മുന്നോട്ടു പോകുന്നതിനിടെയാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവര്‍ക്കെതിരേ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡയറക്ടര്‍ ബോര്‍ഡിലെ മേല്‍ക്കെ ഉപയോഗിച്ച് ചെയര്മാന് അടക്കമുള്ളവര്‍ ഓഹരി പങ്കാളിത്ത ക്രമം മാറ്റിമറിച്ചെന്നും വന്‍ നിക്ഷേപം നടത്തിയെന്ന വ്യാജേന തങ്ങളുടെ ഓഹരി പങ്കാളിത്തം നാമമാത്രമായി വെട്ടിക്കുറച്ചെന്നും ജൂബി ദേവസ്യ പറയുന്നു. കോട്ടയത്തെ ആശുപത്രിക്കു പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് അടക്കമുള്ള പദ്ധതികള്‍ക്കെന്ന പേരിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നു 43 കോടി രൂപ വായ്പയെടുത്തത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടില്ലെന്നത് പണം തിരിമറിയുടെ ഉദാഹരണമായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പണം ചെലവാക്കിയെന്നു സ്ഥാപിക്കാനായി കോട്ടയത്തെ ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയെന്നു വ്യാജ രേഖകള്‍ ചമച്ചെന്നും കോട്ടയത്തെത്തിച്ചത് കിംസിന്റെ വിവിധ ആശുപത്രികളില്‍നിന്നുള്ള പഴയ ഉപകരണങ്ങളാണെന്നും പരാതിയിലുണ്ട്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 409 (വിശ്വാസലംഘനം), 420 (വഞ്ചന), 467 (വ്യാജരേഖ ചമയ്ക്കല്‍), 468 (വഞ്ചിക്കാന്‍ ലക്ഷ്യമിട്ട് വ്യാജരേഖ തയാറാക്കല്‍), 471 (വ്യാജരേഖ യഥാര്‍ഥമെന്ന തരത്തില്‍ ഉപയോഗിക്കല്‍), 120ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.