
ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയുംചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
നിലവില്‍ വിമാനസര്‍വീസുകള്‍ സാധാരണനിലയിലായെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്നും ഇന്‍ഡിഗോ അവകാശപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.
ദിവസവും 2,200-ഓളം സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതോടെ 200-ലധികം വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു.
ഇന്‍ഡിഗോയുടെ സര്‍വീസുകളില്‍ സ്ഥിരതയുണ്ടാകാനും സര്‍വീസുകള്‍ റദ്ദാക്കുന്നത് കുറയ്ക്കാനും മൊത്തത്തിലുള്ള ഇന്‍ഡിഗോ റൂട്ടുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടത്.
ഇത് പാലിച്ചുകൊണ്ട് മുന്‍പത്തെപ്പോലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇന്‍ഡിഗോ സര്‍വീസ് തുടരും. ടിക്കറ്റ് നിരക്കിന്റെ പരിധി ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച സര്‍വീസുകള്‍ മുടങ്ങി യാത്രക്കാര്‍ കടുത്ത അസൗകര്യങ്ങള്‍ നേരിട്ട സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു



