
കോട്ടയം: മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു ദിവസം തുടങ്ങാൻ ഒരു കപ്പ് ചൂടു കാപ്പി നിർബന്ധമാണ്. ഇങ്ങനെയുള്ളവർക്ക് സന്തോഷവാർത്ത, വെറും വയറ്റില്‍ കട്ടൻകാപ്പി കുടിച്ചാല്‍ നിരവധി ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍.
പാലും പഞ്ചസാരയും ചേർക്കാത്ത കട്ടൻ കാപ്പി വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാലറി വളരെ കുറഞ് കട്ടൻകാപ്പിയിലടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്സിഡന്റുകളുമാണ് ഈ ഗുണങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. ആന്റിഓക്‌സിഡന്റുകള്‍ ഉപാപചയ പ്രവർത്തനങ്ങള്‍ (മെറ്റബോളിസം) വർധിപ്പിക്കുകയും ഇത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
രാവിലെ വെറും വയറ്റില്‍ ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുമ്ബോള്‍ ലഭിക്കുന്ന പ്രധാന ആരോഗ്യ ഗുണങ്ങള്‍ അറിയാം:

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഊർജസ്വലതയും മാനസിക ഉണർവും
കാപ്പിയിലെ പ്രധാന ഘടകമായ കഫീൻ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ക്ഷീണം അകറ്റി പെട്ടെന്ന് ഊർജം നല്‍കുകയും, ദിവസം തുടങ്ങാനുള്ള ഉന്മേഷം നല്‍കുകയും ചെയ്യുന്നു. ഇത് ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കും, അതുവഴി കാര്യക്ഷമതയും മെച്ചപ്പെടുന്നു.
ഉപാപചയ പ്രവർത്തനങ്ങള്‍ വർധിപ്പിക്കുന്നു
കാപ്പി കുടിക്കുന്നത് ശരീരത്തിന്റെ ഉപാപചയ നിരക്ക് വർധിപ്പിക്കാൻ സഹായിക്കും. ഇത് കലോറി വേഗത്തില്‍ കളയാനും കൊഴുപ്പ് കുറയ്ക്കാനും സഹായിച്ചേക്കാം. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊന്നു പരീക്ഷിച്ച് നോക്കാവുന്നതാണ്.
ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നു
കഫീൻ അഡ്രിനാലിൻ ഹോർമോണിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. വർക്കൗട്ടിന് മുമ്ബ് കട്ടൻ കാപ്പി കുടിക്കുന്നത് പേശികളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും കൂടുതല്‍ സമയം വ്യായാമം ചെയ്യാനും സഹായിക്കും.
ദഹനത്തെ സഹായിക്കുന്നു
കാപ്പി കുടിക്കുന്നത് ദഹനനാളത്തിലെ പേശികളെ ഉത്തേജിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
തീർന്നില്ല, പാലും പഞ്ചസാരയും ചേർക്കാതെ കട്ടൻ കാപ്പി കുടിക്കുന്നതിലൂടെ അതിന്റെ എല്ലാ പോഷക ഗുണങ്ങളും പൂർണമായി ശരീരത്തിന് ലഭിക്കുന്നു.
ആന്റിഓക്സിഡന്റുകളുടെ കലവറ
കട്ടൻ കാപ്പിയില്‍ ക്ലോറോജെനിക് ആസിഡ് പോലുള്ള നിരവധി ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഫ്രീ റാഡിക്കലുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും, ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുന്നതിലൂടെ വാർധക്യം തടയാനും വിവിധ രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
രോഗങ്ങളെ പ്രതിരോധിക്കുന്നു
കട്ടൻ കാപ്പി സ്ഥിരമായി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ ഇത് സഹായിച്ചേക്കാം. കൂടാതെ, മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളുടെയും പക്ഷാഘാതത്തിന്റെയും സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. കട്ടൻ കാപ്പി ഫാറ്റി ലിവർ പോലുള്ള കരള്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, മലാശയ അർബുദം, കരളിലെ അർബുദം എന്നിവയുള്‍പ്പെടെ ചിലതരം കാൻസറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കാൻ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
തലച്ചോറിന്റെ ആരോഗ്യം
ഓർമശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കട്ടൻ കാപ്പി സഹായിക്കും. അല്‍ഷിമേഴ്‌സ്, പാർക്കിൻസണ്‍സ് തുടങ്ങിയ ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും കാപ്പി ഗുണം ചെയ്യും. സമ്മർദം കുറയ്ക്കുന്നതിനും ഇത് ഉപകരിക്കും.
ഭാരം കുറയ്ക്കാൻ
കലോറി തീരെ കുറഞ്ഞ പാനീയമാണ് കട്ടൻ കാപ്പി. ഉപാപചയ നിരക്ക് വർധിപ്പിക്കാനുള്ള അതിന്റെ കഴിവ് കാരണം ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളില്‍ ഉള്‍പ്പെടുത്താറുണ്ട്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.



