
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ യുവനേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ . രാഹുലിനെ വളർത്തിയതും വീഴ്ത്തിയതും സോഷ്യൽ മീഡിയ തന്നെയാണ്.
ആരെയും അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വളർച്ച. അതിനെക്കാൾ വേഗത്തിലായിരുന്നു വീഴ്ച . വളർച്ചയിൽ എന്നും താങ്ങും തണലുമായി നിന്നവർക്കുപോലും രാഹുലിന്റെ വീഴ്ചയിൽ നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
എതിരാളികൾ വിമർശിക്കാൻ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആഭ്യന്തര വാഴയെന്നും, എടോ വിജയായെന്നും വിളിക്കാനും, മന്ത്രി മുഹമ്മദ് റിയാസിനെ മരുമോൻ ചെറുക്കനെന്നും മരപ്പട്ടിയെന്നും സംബോധന ചെയ്യാനും ധൈര്യം കാണിച്ച രാഹുലിനെ ഭാവി മുഖ്യമന്ത്രിയായി കണ്ട കോൺഗ്രസുകാർ അനവധിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റീൽ അല്ല റിയലാകണം എന്ന് രാഹുലിനെ മുതിർന്ന നേതാക്കൾ ഉപദേശിച്ചെങ്കിലും അതൊക്കെ കേട്ട ഭാഗം രാഹുൽ കാണിച്ചില്ല.
ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മുഖമായി രാഹുൽ മാറി. രാഹുലിന്റെ വാക് ശരങ്ങളെ പ്രതിരോധിക്കാനാവാതെ സിപിഎമ്മിന്റെയും ബിജെപിയുടെയും ഉന്നതനേതാക്കൾ വശം കെടുന്നത് മലയാളികൾ പലവട്ടം കണ്ടതാണ്.
ചാനൽ ചർച്ചകളിലെന്നപോലെ പ്രസംഗങ്ങളിലും എതിരാളികളെ ഏതറ്റം വരെപോയി വിമർശിക്കാനും രാഹുൽ ധൈര്യംകാണിച്ചു. ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തിനുപിന്നിൽ അനാശാസ്യം ഉണ്ടെന്ന് വരെ വിളിച്ചു പറഞ്ഞു.
ലീഡർ കെ കരുണാകരന്റെ മകൾ പത്മജ ബിജെപിയിലേക്ക് പോയപ്പോൾ പത്മജയുടെ പിതൃത്വത്തെ വരെ ചോദ്യം ചെയ്തുകൊണ്ടുള്ള രാഹുലിന്റെ പ്രസ്താവന മുതിർന്ന നേതാക്കളുടെപോലും ഞെട്ടിച്ചെങ്കിലും രമേശ് ചെന്നിത്തല അല്ലാതെ രാഹുലിനെ ചോദ്യംചെയ്യാൻ ആരും തയ്യാറായില്ല.
രാഷ്ട്രീയ വളർച്ചയ്ക്ക് വളമേകിയ സോഷ്യൽ മീഡിയയിലെ വഴിവിട്ട ചാറ്റുകൾ തന്നെ രാഹുലിന്റെ വീഴ്ചയ്ക്കും കാരണമായി. തിരിച്ചുവരാനാകാത്ത വിധം പടുകുഴിയിലേക്ക് രാഹുൽ വീണു.



