
താനെ: വിവാഹം കഴിക്കാൻ രണ്ടുവർഷം കൂടി കാത്തിരിക്കൂവെന്ന് മാതാപിതാക്കൾ പറഞ്ഞതിനെ തുടർന്ന് 19കാരൻ ജീവനൊടുക്കി. ഝാർഖണ്ഡ് സ്വദേശിയും മഹാരാഷ്ട്രയിലെ താനെക്കടുത്ത് ഡോംബിവാലിയിലെ താമസക്കാരനുമായ 19കാരനാണ് ജീവനൊടുക്കിയത്.
ഝാർഖണ്ഡിലെ നാട്ടുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള മനപ്രയാസമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജ്യത്ത് പുരുഷന്മാർക്ക് നിയമപരമായി വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസാണ്. എന്നാല്‍ ജീവനൊടുക്കിയ ആള്‍ക്ക് ഇനിയും രണ്ട് വർഷം കൂടി കഴിഞ്ഞാലേ നിയമപരമായി വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍ തന്നെ താൻ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ രണ്ട് വർഷം കൂടി കാത്തിരിക്കാൻ വീട്ടുകാർ നിർദേശിക്കുകയായിരുന്നു.
തുടർന്ന് നവംബർ 30 ന് വീടിനകത്താണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ഡോംബിവാലിയിലെ മണ്പട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ചയാളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group


