
തിരുവനന്തപുരം: ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോൾ കാൽനടക്കാരുടെ സുരക്ഷ സംബന്ധിച്ച പാഠങ്ങൾ ശരിയായി പഠിപ്പിച്ചില്ലെങ്കിൽ ഡ്രൈവിങ് സ്കൂളുകൾ കുടുങ്ങും.
ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോൾ, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമത്തിൽ നിർദേശിക്കുന്ന 4 നിബന്ധനകളിൽ ഓരോ അപേക്ഷകന്റെയും കഴിവു വിലയിരുത്തിയ ശേഷം മാത്രമേ ലൈസൻസ് നൽകാൻ പാടുള്ളൂ. ട്രാഫിക് അടയാളങ്ങൾ, സിഗ്നൽ ലൈറ്റുകൾ, ട്രാഫിക് നിയന്ത്രിക്കുന്നവർ, പൊലീസ് എന്നിവരുടെ നിർദേശങ്ങൾക്കനുസരിച്ച് കൃത്യമായി പ്രതികരിക്കുക. ട്രാഫിക് ലൈറ്റുകളോ പൊലീസോ ഇല്ലാത്ത സീബ്ര ക്രോസിങ്ങുകളിൽ റോഡ് കുറുകെ കടക്കുന്നവർക്ക് മുൻഗണന നൽകുക. റോഡ് കുറുകെ കടക്കാനുള്ള സീബ്ര ക്രോസിങ്ങിൽ ആളുണ്ടെങ്കിൽ ക്രോസിങ്ങിന് 3 മീറ്റർ മുൻപ് വാഹനം നിർത്തിക്കൊടുക്കണം.
കാൽനടക്കാർ,മറ്റു ഡ്രൈവർമാർ, സൈക്കിൾ യാത്രക്കാർ എന്നിവരുടെ പ്രവൃത്തി മുൻകൂട്ടി കാണുക. കാൽനടക്കാർ, മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ, സൈക്കിൾ യാത്രക്കാർ തുടങ്ങിയവരുടെ സുരക്ഷ മാനിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളവര കടന്നും ക്രോസിങ്ങിലേക്കു കയറ്റിയും വാഹനം നിർത്തുന്നവരുടെയും വാഹനം പാർക്ക് ചെയ്തു പോകുന്നവരുടെയും ലൈസൻസ് റദ്ദാക്കാനും 2000 രൂപ വരെ പിഴ ഈടാക്കാനും കമ്മിഷണർ നിർദേശം നൽകിയിരുന്നു. കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശീലനം നൽകുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പിന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു നിർദേശം നൽകി.







