
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പത്മകുമാറിനെതിരായ നടപടിയുടെ കാര്യത്തില്‍ പാർട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായം.
അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതനുസരിച്ച് നടപടികളിലേക്ക് കടക്കാം എന്നാണ് നിലവിലെ സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം
എന്നാല്‍, നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയത്തില്‍ നിർണ്ണായകമാകും. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് പങ്കെടുക്കുന്ന ഈ യോഗത്തില്‍ പത്മകുമാർ വിഷയവും ചർച്ചയാകും എന്ന് ഉറപ്പാണ്.
തിരഞ്ഞെടുപ്പ് കാലത്ത് സമാനതകളില്ലാത്ത പ്രതിരോധമാണ് ശബരിമല സ്വർണക്കൊള്ള കേസ് സി.പി.എമ്മിന് സൃഷ്ടിച്ചിരിക്കുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റായ പത്മകുമാർ നിലവില്‍ റിമാൻഡിലാണ്. അദ്ദേഹത്തിനെതിരായ അനധികൃത ഇടപെടലുകളുടെ വിവരങ്ങള്‍ അന്വേഷണത്തിൻ്റെ ഭാഗമായി പുറത്തുവരുന്നുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടി നടപടി ഉറപ്പാണെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുമ്പോഴും, നടപടി വൈകുന്നതിനെക്കുറിച്ച് ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ ചോദ്യമുയരുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വിവാദത്തിലാക്കിയ വിഷയത്തില്‍ നടപടി വേഗത്തിലാക്കണമെന്ന അഭിപ്രായം പത്തനംതിട്ടയിലെ ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കുണ്ട്.
എന്നാല്‍, തിടുക്കപ്പെട്ട നടപടി ഗുണം ചെയ്യില്ലെന്ന പക്ഷം സംസ്ഥാന നേതൃനിരയിലെ ചിലർ പരസ്യമായി പങ്കുവെച്ചിട്ടുമുണ്ട്. യുവതീ പ്രവേശന വിവാദത്തില്‍ എതിർ നിലപാട് എടുത്തതു മുതല്‍ പത്മകുമാർ നിലവില്‍ പാർട്ടിക്ക് അനഭിമതനാണ്. പ്രാദേശിക വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് തരംതാഴ്ത്തി ജില്ലാ കമ്മിറ്റി അംഗമായാണ് നിലവില്‍ അദ്ദേഹം പ്രവർത്തിക്കുന്നത്.
കേസില്‍ കുടുങ്ങിയവരായാലും കുറ്റാരോപിതരുടെ നിരയിലുള്ളവരായാലും പാർട്ടിയുടെ കൈകള്‍ ശുദ്ധമെന്നും കുറ്റം തെളിഞ്ഞാല്‍ നടപടി ഉറപ്പെന്നുമാണ് സി.പി.എം. സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നത്. അതേസമയം, എതിരാളികള്‍ പത്മകുമാറിൻ്റെ അറസ്റ്റ് വലിയ രാഷ്ട്രീയ പ്രചാരണമാക്കുന്നത് തിരിച്ചടിയാണെന്ന അഭിപ്രായവും പാർട്ടിയില്‍ ശക്തമാണ്.
അതിനിടെ, ശബരിമല സ്വർണക്കൊള്ള കേസില്‍ റിമാൻഡില്‍ കഴിയുന്ന എ. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാൻ ഇന്ന് എസ്.ഐ.ടി. കോടതിയില്‍ അപേക്ഷ നല്‍കും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തുന്നതിനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.



