വീട്ടമ്മയുടെ 20,000 രൂപ എടിഎമ്മിൽ നിന്നും നഷ്ടപ്പെട്ടു , മൊബൈലിൽ വന്ന മെസ്സേജ് മകനെകൊണ്ട് വായിപ്പിച്ചു ; പൊലീസിൽ പരാതിയും നൽകി , മകനെ പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖിക
കോഴിക്കോട്: സേവിങ്സ് ബാങ്ക് എക്കൗണ്ടിൽനിന്ന് എ.ടി.എം. കാർഡ് ഉപയോഗിച്ച് 20,000 രൂപ പിൻവലിച്ചെന്ന് വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്ക് ബാങ്ക് അധികൃതരുടെ സന്ദേശം. പണം പിൻവലിച്ച മോഷ്ടാവിനെ കണ്ടെത്താൻ അമ്മയും മകനും പോലീസ് സ്റ്റേഷനിലെത്തി സംയുക്ത പരാതി നൽകി.
അന്വേഷണത്തിനൊടുവിൽ മകൻ അറസ്റ്റിലായി. നഗരത്തിലെ സ്വകാര്യ കോളേജിലെ പ്ലസ്ടു വിദ്യാർഥിയും പതിനേഴുകാരനുമായ മകനെ അവസാനം അമ്മ ജുവനൈൽ കോടതിയിൽ ഹാജരാക്കേണ്ട ഗതികേടിലുമായി. ചൊവ്വാഴ്ചയാണ് പണം പോയതായി അമ്മയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന അമ്മയ്ക്കാണെങ്കിൽ ഇംഗ്ലീഷ് വായിച്ച് അർഥം മനസ്സിലാക്കാനുള്ള കഴിവില്ല. സന്ദേശം മൊബൈൽ ഫോണിലെത്തിയ കാര്യം പറഞ്ഞുകൊടുത്തത് മകൻ തന്നെ. വെള്ളയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാനാഞ്ചിറയ്ക്ക് സമീപമുള്ള എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. തുടർന്ന് എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോൾ ‘പണം പോയ വഴി’ പോലീസിന് വ്യക്തമായി.
മകനെയും അമ്മയെയും ഒന്നിച്ച് പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച വിളിച്ചുവരുത്തി. അമ്മയുടെ സാന്നിധ്യത്തിൽ മകനെ ചോദ്യം ചെയ്തു. ഇതോടെ പണം പിൻവലിച്ചത് താനാണെന്ന് മകൻ സമ്മതിച്ചു.
പണം എന്ത് ചെയ്തെന്നായി പോലീസുകാരുടെ അടുത്ത ചോദ്യം. കൂട്ടുകാരുമൊത്ത് പതിവായി ഭക്ഷണം കഴിക്കാറുള്ള ഹോട്ടലിൽ പറ്റ് പണം നൽകിയ കാര്യം ആദ്യം വെളിപ്പെടുത്തി. രണ്ടാമത് പാലാഴി ബൈപ്പാസ് റോഡ് ജങ്ഷനിലെ വ്യാപാരസമുച്ചയത്തിൽ കൂട്ടുകാരുടെ ബൈക്കിൽ പോയി വസ്ത്രങ്ങൾ വാങ്ങിച്ചും അവർക്കൊപ്പം നഗരത്തിൽ ബൈക്കിൽ കറങ്ങിയും 8000 രൂപ പൊടിപൊടിച്ചെന്നും ബാക്കി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമായി മകൻ.
ഇതോടെ മകനെ വെറുതെ വിടണമെന്നും തനിക്ക് പരാതിയൊന്നുമില്ലെന്നുമായി അമ്മ. എന്നാൽ എഫ്.ഐ.ആർ. ഇട്ടതാണെന്നും മോഷണക്കുറ്റത്തിനാണ് കേസെടുത്തതെന്നും നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ നിസ്സഹായ അവസ്ഥയിലാണ് തങ്ങളെന്ന് പോലീസ് വ്യക്തമാക്കി. അവസാനം അമ്മയും പോലീസും ചേർന്ന് കേസിൽ പ്രതിയായ മകനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.