“കട്ടുകട്ട് കെട്ട നാളമായി.”; അച്ചട്ടായത് ആ തലക്കെട്ടും!, എൻ വാസു അധികാരം ഏറ്റെടുത്തപ്പോഴേ ദുര്‍നിമിത്തം;  അറസ്റ്റിലായ വാസു 2019-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്ന ചടങ്ങിനിടയില്‍ തെളിയിച്ച നിലവിളക്ക് കരിന്തിരി കത്തിയണഞ്ഞ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു 

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ.വാസു അറസ്റ്റിലായതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് 2019-ലെ ഒരു പഴയ ചിത്രമാണ്.

video
play-sharp-fill

എൻ വാസു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്ന ചടങ്ങിനിടയില്‍ തെളിയിച്ച നിലവിളക്ക് കരിന്തിരി കത്തിയണഞ്ഞു എന്ന് അന്നേ വാർത്ത വന്നിരുന്നു. ഇതിന്റെ ചിത്രം സഹിതം അന്നത്തെ ജന്മഭൂമി പത്രത്തില്‍ വാർത്ത വന്നിരുന്നു. അന്ന് ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇപ്പോള്‍ അയ്യപ്പ വിശ്വാസികളും സംഘപരിവാർ അനുകൂലുകളും വ്യാപകമായി പ്രചരിപ്പിക്കുന്നത്.

2019 നവംബർ 15ന് ദേവസ്വം ആസ്ഥാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ തെളിച്ചിരുന്ന നിലവിളക്കിലെ തിരികള്‍ കെട്ടുപോകുന്നതാണ് അന്ന് പത്രം “കട്ടുകട്ട് കെട്ട നാളമായി…” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങ് ഉദ്ഘാടനം ചെയ്തത് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. വാസു രജിസ്റ്ററില്‍ ഒപ്പിടുമ്ബോള്‍ രണ്ടാമത്തെ തിരിയുടെയും ദീപം അണഞ്ഞതോടെ, ആ ചിത്രം ‘ദുർനിമിത്തം’ എന്ന വിശ്വാസത്തില്‍ വ്യാപകമായ ചർച്ചയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ അറസ്റ്റ് പിന്നാലെ അതേ ചിത്രം വീണ്ടും പ്രചരിക്കുകയാണ്.

വാസു 2018-ല്‍ ശബരിമല സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വം കമ്മീഷണറായിരുന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദകാലത്തും ദേവസ്വം കാര്യങ്ങളുടെ ചുമതല വഹിച്ചത് വാസുവായിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ചടങ്ങില്‍ അന്ന് പങ്കെടുത്തവരില്‍ മുൻ പ്രസിഡന്റ് എ. പത്മകുമാറും നിലവില്‍ റിമാൻഡിലുള്ള സുധീഷുമുണ്ടായിരുന്നു.

സ്വർണക്കൊള്ള കേസില്‍ വാസുവിനെ മൂന്നാം പ്രതിയാക്കി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ശബരിമല സന്നിധാനത്തിലെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്കു കൈമാറിയ സമയത്താണ് വാസു കമ്മീഷണറായിരുന്നത്. സ്വർണം ബാക്കിയുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നതാണ് പ്രധാന ആരോപണം.

മുരാരി ബാബുവിന്റെ മൊഴിയാണ് വാസുവിനെതിരായ അന്വേഷണത്തില്‍ നിർണായകമായത്. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിന്റെയും സുധീഷിന്റെയും മൊഴികള്‍ വാസുവിന് എതിരാണ്. കൂടാതെ, 2019 മാർച്ച്‌ 19ന് കട്ടിളപ്പാളിയിലെ സ്വർണപ്പാളികള്‍ ‘ചെമ്ബാണെന്ന്’ രേഖപ്പെടുത്താൻ നിർദേശം നല്‍കിയതും വാസുവാണെന്ന് അന്വേഷണ രേഖകളില്‍ പറയുന്നു.

പ്രസിഡന്റായിരിക്കെ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി “ബാക്കി സ്വർണം ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കാമോ” എന്ന വിവാദ ഇമെയില്‍ അയച്ചതും പിന്നീട് വാസു മറ്റുള്ളവർക്കു ഫോർവേഡ് ചെയ്തതും കേസില്‍ ഉള്‍പ്പെട്ട പ്രധാന ഘടകങ്ങളാണ്. അതിനുശേഷം കാര്യത്തില്‍ അന്വേഷണം നടത്താതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

വാസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിലവിളക്ക് കരിന്തിരി കത്തിയണഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുതിയ അർത്ഥതലത്തില്‍ ഭക്തരും സോഷ്യല്‍ മീഡിയയും ഓർത്തെടുക്കുകയാണ്. നിലവിളക്ക് കരിന്തിരി കത്തിയണഞ്ഞത് ദുർനിമിത്തമായിരുന്നു എന്നാണ് പ്രചാരണം. അതിനൊപ്പം ജന്മഭൂമി ആ ചിത്രത്തിന് നല്‍കിയ “കട്ടുകട്ട് കെട്ട നാളമായി…” എന്ന തലക്കെട്ടും ഇപ്പോള്‍ അച്ചട്ടായിരിക്കുകയാണ്. വാസുവിന്റെ അറസ്റ്റും പഴയ ചിത്രവും വാർത്തയും ഇപ്പോള്‍ സൈബർ ലോകത്ത് വലിയ ചർച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.