ടിക് ടോക്കും ഹെലോ ആപ്പും പൂട്ടാനൊരുങ്ങി കേന്ദ്ര ഐടി മന്ത്രാലയം; കമ്പനികൾക്ക് നോട്ടീസ് അയച്ചു
സ്വന്തം ലേഖകൻ
ന്യൂ ഡൽഹി: ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐ ടി മന്ത്രാലയത്തിന്റെ നോട്ടീസ്. നിയമപരമല്ലാത്ത പ്രവർത്തനങ്ങൾ ഇവ നടത്തുന്നുണ്ടോ എന്നറിയാൻ വേണ്ടിയുള്ള ചില ചോദ്യങ്ങൾ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ അമിതമായി ശേഖരിക്കുന്നുണ്ടോ എന്നും അത് അനധികൃതമായി പരസ്യപ്പെടുത്തുന്നുണ്ടോ എന്നുമുള്ള 21 ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ ഹെലോയ്ക്കും ടിക് ടോകിനും നിയന്ത്രണം വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐടി മന്ത്രാലയത്തിന്റെ സൈബർ നിയമ, ഇ- സുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്. നിരവധി കുറ്റകൃത്യങ്ങളും അപകടങ്ങളും ടിക് ടോക്ക് പോലുള്ള ആപ്പുകൾ കാരണം സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഐ ടി മന്ത്രാലയത്തിന്റെ നടപടി നിർണായകമാകുന്നത്. ജൂലൈ 22-നകം മറുപടി നൽകണമെന്നും ഇല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ടിക് ടോക്കും ഹെലോയും അമിതമായി ശേഖരിക്കാറുണ്ടോ എന്നും വിവരങ്ങൾ മറ്റ്് രാജ്യങ്ങൾക്ക് കൈമാറുന്നില്ലെന്ന് സർക്കാരിന് എന്ത് ഉറപ്പ് നൽകാനാകുമെന്നുള്ള ചോദ്യങ്ങൾ നോട്ടീസിലുണ്ട്.
സമൂഹമാധ്യമങ്ങളിലെ സേവനങ്ങളിൽ 11,000 മോർഫ് ചെയ്ത രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിനായി തുക ചെലവഴിച്ചെന്ന ആരോപണവും ഇവയ്ക്കെതിരെ നിലനിൽക്കുന്നുണ്ട്. ടിക് ടോക്ക് ചൈനയിലേക്ക് വിവരങ്ങൾ കൈമാറുന്നുണ്ടെന്നും സിംഗപ്പൂരിലും അമേരിക്കയിലുമാണ് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതെന്നുമുള്ള പരാതികളെതുടർന്നാണ് നോട്ടീസ് അയച്ചത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്ന ആശങ്ക നേരത്തെ തന്നെ നിലനിന്നിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസമാണ് ഇന്ത്യയിൽ ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക് നിരോധിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. തുടർന്ന് പ്ലേ സ്റ്റോറിൽ നിന്ന് ടിക് ടോക് ഒഴിവാക്കുകയും ചെയ്തിരുന്നു. അശ്ലീല ഉള്ളടക്കത്തെ തുടർന്നായിരുന്നു ഈ നടപടി.
എന്നാൽ ദിവസങ്ങൾക്കുള്ളിൽ നിരോധനം ഉപാധികളോടെ നീക്കി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്നു ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്ബനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇപ്പോൾ വീണ്ടും ടിക് ടോക്ക് ഇന്ത്യയിൽ വെട്ടിലായിരിക്കുകയാണ്.