Spread the love

തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പില്‍ നിയന്ത്രണം വിട്ട പാസഞ്ചര്‍ ഓട്ടോ പാടത്തേക്ക്‌ മറിഞ്ഞ്‌ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌. ഓട്ടോ ഡ്രൈവര്‍ കരിപ്പാടം പാറയ്‌ക്കല്‍ തൊഴുത്തുങ്കല്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ (60), യാത്രികരായ തലയോലപ്പറമ്ബ്‌ കോരിക്കല്‍ നഗറില്‍ ഷീബ സാനു (37), നീതു അഭിലാഷ്‌ (35) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.

video
play-sharp-fill

വെള്ളിയാഴ്‌ച വൈകിട്ട്‌ 4 മണിയോടെ തലയോലപ്പറമ്പ് -എഴുമാന്തുരുത്ത്‌ പ്രധാന റോഡില്‍ കോരിക്കല്‍ പാലത്തിന്‌ സമീപമാണ്‌ അപകടം. കാറ്ററിംഗ്‌ ജോലി കഴിഞ്ഞ്‌ യാത്രക്കാരായ ഇരുവരും കോരിക്കലുള്ള വീട്ടിലേക്ക്‌ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു. റോഡില്‍ കന്ന്‌ കാലി എതിരെ വരുന്നത്‌ കണ്ട്‌ ഓട്ടോറിക്ഷ സൈഡിലേക്ക്‌ വെട്ടിച്ച്‌ മാറ്റി പോകുന്നതിനിടെ നിയന്ത്രണം വിട്ട്‌ റോഡില്‍ നിന്നും ചെളിയും വെള്ളവും നിറഞ്ഞ പാടത്തേക്ക്‌ തലകീഴായി മറിയുകയായിരുന്നു.

ശബ്‌ദം കേട്ട്‌ സമീപവാസികള്‍ ഓടിയെത്തിയാണ്‌ ഓട്ടേയ്‌ക്കുള്ളില്‍ കുടുങ്ങിക്കിടന്ന മൂവരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചത്‌. സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ രാമചന്ദ്രനെയും യാത്രക്കാരി ഷീബയെയും ആംബുലന്‍സില്‍ തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്‌ധ ചികിത്സക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യാത്രക്കാരി നീതുവിന്‌ നിസ്സാര പരിക്കായതിനാല്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക്‌ മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group