മൂന്നാറില്‍ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂന്നാറിൽ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്ക് പട്ടയം അനുവദിക്കാൻ സർക്കാർ നീക്കം. 1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങിയതായാണ് വിവരം. ഫയൽ ലാന്റ് റവന്യു കമ്മീഷണറുടെ പരിഗണനയിലാണ്. അതേസമയം അനധികൃത നിർമ്മിതികൾക്ക് ഇളവനുവദിക്കാനുള്ള സർക്കാർ നീക്കം നിയമക്കുരുക്കുകൾക്ക് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തതായും സൂചനയുണ്ട്.
മൂന്നാറിലെ അനധികൃത നിർമ്മാണങ്ങളും ഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ തയ്യാറാകാത്തതിനെതിരെ ഹൈക്കോടതിയിൽ നിന്ന് വലിയ വിമർശനമാണ് സർക്കാർ നേരിടുന്നത്. അതിനിടയാണ് ചട്ടലംഘനങ്ങൾ ക്രമപ്പെടുത്താനുള്ള സർക്കാർ നീക്കം. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ മുഖം നോക്കാതെ ഒഴിപ്പിക്കുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയം. എന്നാൽ കയ്യേറ്റം പൂർണ്ണമായും ഒഴിപ്പിക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് ഇടുക്കി ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ അടക്കമുള്ളവർ നിലപാടെടുത്തു.
പത്ത് സെന്റും 1000 സ്‌ക്വയർ ഫീറ്റ് കെട്ടിടവുമാണെങ്കിൽ അനുമതി നൽകാമെന്ന് നിർദ്ദേശം വന്നെങ്കിലും വീണ്ടും സമ്മർദ്ദം ശക്തമായതിനെത്തുടർന്ന് അതിപ്പോൾ 15 സെന്റും 1200 സ്‌ക്വയർ ഫീറ്റ് നിർമ്മാണവും എന്ന നിലയിലേക്ക് ഉയർത്താനും സർക്കാർ നിർബന്ധിതമായിട്ടുണ്ട്. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ എതിർപ്പില്ല. അതേസമയം കാലങ്ങളായി അവിടെ താമസിക്കുന്ന സാധാരണക്കാരെയും കർഷകരെയും പരിഗണിച്ച് കൊണ്ടാകണം കയ്യേറ്റമൊഴിപ്പിക്കൽ നടപടികളെന്നാണ് കക്ഷി ഭേദമില്ലാതെ സർക്കാരിന് മുന്നിൽ വന്ന ആവശ്യം.
ഈ സമ്മർദ്ദത്തിന് വഴങ്ങുന്നു എന്ന സൂചനയാണ് ഇപ്പോൾ സർക്കാർ വൃത്തങ്ങളിൽ നിന്ന് കിട്ടുന്നത്. കെട്ടിടങ്ങൾക്ക് അനുമതി നൽകണമെങ്കിൽ ആദ്യം പട്ടയങ്ങൾ ക്രമപ്പെടുത്തണം. കാലങ്ങളായി കൈവശമിരിക്കുന്ന വ്യാജ പട്ടയങ്ങളും രവീന്ദ്രൻ പട്ടയങ്ങളുമെല്ലാം ക്രമപ്പെടുത്തി കൊടുക്കുന്ന അവസ്ഥയും ഇത് വഴി ഉണ്ടാകും.