ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ; ദിവസം 70,000 ഭക്തർക്ക് ;വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും

Spread the love

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് നവംബർ ഒന്നിന് വൈകിട്ട് അഞ്ചുമണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്.

video
play-sharp-fill

ഒരു ദിവസം 70,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി 20,000 ഭക്തരെയാണ് റിയൽ ടൈം ബുക്കിങ് വഴി ദർശനത്തിന് അനുവദിക്കുക.

തീർഥാടകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം 4 ജില്ലകളിൽ നടക്കുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു. ഈ തീർഥാടനകാലം മുതൽ ശബരിമല യാത്ര മധ്യേ കേരളത്തിൽ എവിടെ വച്ച് അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലൻസ് ചെലവ് നൽകുന്നുമുണ്ട്. ഇൻഷുറൻസ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോർഡ് സ്ഥിരം, ദിവസവേതന ജീവനക്കാർക്കും മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും കൂടി ലഭിക്കും.

നിലയ്ക്കൽ മുതൽ സന്നിധാനം വരെ തീർഥാടന പാതയിൽ വച്ച് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ മൂലമുള്ള സ്വാഭാവിക മരണത്തിന് നഷ്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല.

ഈ വർഷം മുതൽ സ്വഭാവിക മരണം സംഭവിക്കുന്നവർക്ക് കൂടി 3 ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പിൽഗ്രിം വെൽഫെയർ നിധി കൂടി ആരംഭിക്കുകയാണ്.

ഇൻഷുറൻസ് ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ഐഡി ആയതിനാൽ പരമാവധി ഭക്തർ ഓൺലൈൻ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.