Spread the love

തിരുവനന്തപുരം: പാർട്ടി പുനസംഘടനയുടെ ഭാഗമായി കെ.പി.സി.സി വൈസ് പ്രസിഡൻ്റുമാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും പട്ടിക പുറത്തുവന്നതിന് പിന്നാലെ കെപിസിസി സെക്രട്ടറിമാരുടെ പട്ടിക ഉടൻ പുറത്തുവന്നേക്കും.
പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാനത്ത് ജംബോ കമ്മിറ്റി നിലവില്‍ വന്നു എന്ന വിമർശനം നിലനില്‍ക്കുന്നതിനിടെയാണ് നൂറിലധികം വരുന്ന സെക്രട്ടറിമാരുടെ പട്ടിക പുറത്തിറക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.

video
play-sharp-fill

ജനറല്‍ സെക്രട്ടറിമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ അതൃപ്തി അറിയിച്ച്‌ ചില നേതാക്കള്‍ രംഗത്ത് വന്നിരുന്നു. സെക്രട്ടറിമാരുടെ പട്ടിക പുറത്തുവിടാത്തതില്‍ മുതിർന്ന നേതാക്കളും എതിർപ്പ് അറിയിച്ചിരുന്നു.
തുടർന്നാണ് സെക്രട്ടറിമാരുടെ പട്ടികക്ക് അന്തിമരൂപം നല്‍കി സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് സമർപ്പിച്ചിട്ടുള്ളത്.
നിലവില്‍ 59 ജന സെക്രട്ടറിമാരെയാണ് പുനസംഘടന ഭാഗമായി നിയമിച്ചിട്ടുള്ളത്. 1:2 എന്ന് അനുപാതം പാലിച്ചാല്‍ ആകെ 118 സെക്രട്ടറിമാരാണ് പട്ടികയില്‍ ഉള്‍പ്പെടുക.

എന്തായാലും പട്ടികയില്‍ നൂറിലധികം പേരുണ്ടാകുമെന്ന വിവരമാണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സെക്രട്ടറിമാരുടെ പട്ടികയ്ക്കൊപ്പം കെപിസിസി നിർവാഹക സമിതി അംഗങ്ങളുടെ പട്ടിക പുറത്തിറങ്ങില്ല. അടുത്തഘട്ടത്തില്‍ പുനഃസംഘടിപ്പിക്കുന്ന ഡിസിസി അധ്യക്ഷൻ മാർക്ക് ഒപ്പമാവും നിർവാഹക സമിതി അംഗങ്ങളുടെ നിയമനവും നടക്കുക എന്നാണ് വിവരം.
നിലവില്‍ തൃശ്ശൂർ, വയനാട് ജില്ലകളില്‍ ഡിസിസി അധ്യക്ഷന്മാർ മാറിയിരുന്നു. നിലവിലെ അധ്യക്ഷന്മാർ രാജിവച്ചതിനെ തുടർന്ന് പുതിയ ഡിസിസി അധ്യക്ഷന്മാരെ നേതൃത്വം നിയമിക്കുകയായിരുന്നു.

നിലവില്‍ തിരുവനന്തപുരത്തും ഡിസിസി അധ്യക്ഷന്റെ ഒഴിവുണ്ട്. താല്‍ക്കാലിക അധ്യക്ഷനായി മുൻ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന നേതാവുമായ എൻ ശക്തനെയാണ് നിലവില്‍ നിയമിച്ചിരിക്കുന്നത്.

സ്ഥാനത്തുനിന്ന് മാറാൻ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ കെപിസിസി സെക്രട്ടറിമാർക്കൊപ്പം ഈ ഒഴിവ് നികത്തില്ല. തുടർന്നുവരുന്ന ഡിസിസി പുനഃസംഘടനയോട് അനുബന്ധിച്ചാവും തിരുവനന്തപുരത്തെ കാര്യങ്ങളും തീരുമാനിക്കപ്പെടുക.
മാനദണ്ഡം അനുസരിച്ച്‌ ഡിസിസി ജനറല്‍ സെക്രട്ടറിമാരായും ഉപാധ്യക്ഷൻമാരായി പ്രവർത്തിച്ച്‌ മികവ് തെളിയിച്ചവരെയാകും കെപിസിസി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക.
നേതാക്കളുമായുള്ള ആശയവിനിമയം പൂർണമായും പൂർത്തിയാക്കിയാണ് പട്ടിക ഹൈക്കമാന്റിന് നല്‍കിയിട്ടുള്ളത്. ഇന്നുമുതല്‍ രണ്ടുമൂന്നു ദിവസത്തിനകം പട്ടിക പുറത്തുവിടാനാണ് എഐസിസി തീരുമാനം.

തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒന്നിലധികം പേരെ പരിഗണിക്കുന്നുണ്ട്. ചെമ്ബഴന്തി അനില്‍, മരിയാപുരം ശ്രീകുമാർ എന്നിവർക്ക് പുറമേ ചില പുതുമുഖങ്ങളെയും തലസ്ഥാന ജില്ലയില്‍ പരിഗണിക്കുന്നു. എന്നാല്‍ അനിലിനാണ് മുൻ‌തൂക്കം.

പേരിനാകരുത് ഭാരവാഹികള്‍
കെപിസിസി സെക്രട്ടറിമാരുടെയും നിർവാഹക സമിതിയുടെയും പട്ടിക പുറത്തു വിടുമ്ബോള്‍ എങ്കിലും ഊർജസ്വലരായ നേതാക്കളെ ഉള്‍പ്പെടുത്തണം എന്നതാണ് പാർട്ടിയിലെ പൊതുവികാരം.

ഇതുവരെ ഇറക്കിയ വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാർ എന്നിവരുടെ ലിസ്റ്റില്‍ ഇടംപിടിക്കാത്ത, സ്ഥിരമായി നാട്ടില്‍ പോലും ഇല്ലാത്ത ഇടുക്കിയിലെ മുൻ ഡിസിസി അധ്യക്ഷൻ ഉള്‍പ്പെടെയുള്ള ചിലർ ഇനിയുള്ള ലിസ്റ്റില്ലെങ്കിലും കയറികൂടാനായി നേതാക്കളുടെ വീടുകള്‍ തോറും കയറി ഇറങ്ങുന്നുണ്ട്.

വർഷത്തില്‍ പകുതിക്കാലം താമസിക്കുന്ന അമേരിക്കയിലൊക്കെ ചെല്ലുമ്ബോള്‍ പ്രവാസികളോടൊക്കെ പറയാൻ നാട്ടിലൊരു പദവി എന്നത് മാത്രമാണ് ഇക്കൂട്ടർക്ക് ആവശ്യം.
മുൻകാലങ്ങളില്‍ വഹിച്ചിരുന്ന പദവികളില്‍ തുടരാനായും നേതാക്കള്‍ പരക്കം പായുന്നുണ്ട്. 20 വർഷം മുൻപ് സെക്രട്ടറി മാരായിരുന്നവരും പുതിയ സെക്രട്ടറി മാരുടെ ലിസ്റ്റിലെങ്കിലും കയറി കൂടാനായി രംഗത്തുണ്ട്.

ഇതോടെ കാലങ്ങളായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളില്‍ പ്രവർത്തിച്ച്‌ ഒരു പരിഗണനയും ഇല്ലാതെ നില്‍ക്കുന്ന യുവ നേതാക്കള്‍ പലരും വീണ്ടും തഴയപ്പെടുന്ന അവസ്ഥയിലാണ്.

പാർട്ടിക്കായി സമര മുഖത്തും പോലീസ് മർദ്ദനങ്ങള്‍ ഏറ്റുവാങ്ങിയും ത്യാഗങ്ങള്‍ സഹിച്ച യുവ നേതാക്കളില്‍ പലരും ഇപ്പോഴും ലിസ്റ്റിന് പുറത്ത് നില്‍ക്കുമ്ബോഴാണ് പഴയ മുഖങ്ങള്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്