
കോട്ടയം: രാഷ്‌ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഇന്നലെ വ്യോമ, കര മാര്‍ഗമുള്ള ട്രയല്‍ റണ്‍ നടത്തി, ഇന്നും ട്രയല്‍ റണ്ണുണ്ടാകും രാഷ്‌ട്രപതി എത്തുന്ന കോട്ടയവും കുമരകവും പാലായും കര്‍ശന സുരക്ഷാ വലയത്തിലാണ്.
നാളെയും 24നുമാണു രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ജില്ലയിലുണ്ടാകുക.
നിലവിലെ ക്രമീകരണമനുസരിച്ചു നാളെ തിരുവനന്തപുരത്തു നിന്നു ഹെലികോപ്‌റ്ററില്‍ പുറപ്പെടുന്ന രാഷ്‌ട്രപതി ഉച്ചകഴിഞ്ഞ് 3.50ന് പാലായില്‍ എത്തും. സെന്റ് തോമസ് കോളജിന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത ശേഷം ഹെലികോപ്‌റ്ററില്‍ 5.30ന് കോട്ടയം പോലീസ് പരേഡ് മൈതാനത്ത് എത്തും .
ഇവിടെ നിന്നു റോഡ് മാര്‍ഗം 6.20ന് കുമരകം താജ് ഹോട്ടലില്‍ എത്തും.
രാഷ്‌ട്രപതിയ്‌ക്കായി ഹോട്ടലില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ 24-ാം നമ്പര്‍ മുറിയാണ് രാഷ്‌ട്രപതിയ്‌ക്കായി ഒരുക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലാവസ്‌ഥ ഉള്‍പ്പെടെ അനുകൂലമാണെങ്കില്‍ പിറ്റേന്നു രാവിലെ അരമണിക്കൂര്‍ കായല്‍ കാഴ്‌ചയും ബോട്ടിങ്ങും ഉണ്ടാകും. തുടര്‍ന്നു 10ന് കാര്‍ മാര്‍ഗം കോട്ടയത്തെത്തി ഹെലികോപ്‌റ്ററില്‍ കൊച്ചിയിലേക്കു പോകും.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ മേല്‍നോട്ടത്തില്‍ അഞ്ചു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ആയിരം പോലീസ് ഉദ്യോഗസ്‌ഥരെയാണു സുരക്ഷയ്‌ക്കായി നിയോഗിക്കുക. അന്യ ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ള പോലീസുകാരുടെ സേവനവും വിനിയോഗിക്കും.
കായലിലും പഴുതടച്ച സുരക്ഷ ഒരുക്കും.നിലവില്‍ പാലായിലേക്ക് ഹെലികോപ്‌റ്റര്‍ മാര്‍ഗം പോകാനാണു ക്രമീകരണം ഒരുക്കിയിരിക്കുന്നതെങ്കിലും കാലാവസ്‌ഥാ പ്രതികൂലമായാല്‍ റോഡ് മാര്‍ഗം പോകുന്നതിനെക്കുറിച്ചും ആലോചനയിലുണ്ട്.
രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിനു മുന്നൊരുക്കമായി തകര്‍ന്നു കിടന്ന റോഡുകള്‍ നന്നാക്കി. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ ലൈനിലേക്കു കിടക്കുന്ന മരച്ചില്ലകള്‍ വെട്ടി നീക്കി.
കുമരകം റോഡിലെ പാലങ്ങള്‍ ചായം പൂശി മോടിയാക്കിയപ്പോള്‍ കോണത്താറ്റുപാലത്തിനോടു ചേര്‍ന്നുള്ള താത്‌കാലിക പാലം തറയോടു പാകി. രാഷ്‌ട്രപതി താമസിക്കുന്ന താജ് ഹോട്ടലിനു മുന്നിലെ റോഡ് വശത്ത് സുരക്ഷാ വേലി തീര്‍ത്തു. പോലീസ് നിര്‍ദേശിച്ചിരിക്കുന്ന റോഡ് വശങ്ങളില്‍ ഇനി സുരക്ഷ വേലികള്‍ തീര്‍ക്കുകയാണ്. റോഡ് വശത്തെ ഓട്ടോ ടാക്‌സി സ്‌റ്റാന്‍ഡുകള്‍ രാഷ്‌ട്രപതി കടന്നു പോകുന്ന സമയങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നു പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്



