ഒരുജോടി മലയണ്ണാനുകൾക്ക് പകരമായി ഒരു ജോടി സിംഹങ്ങൾ ; നെയ്യാർ സിംഹ സഫാരി പാർക്കിലേക്ക് രണ്ട് സിംഹങ്ങളെത്തുന്നു
സ്വന്തം ലേഖകൻ
നെയ്യാർ: കേരളം നെയ്യാറിലേക്ക് രണ്ട് സിംഹങ്ങളെ വാങ്ങുന്നു,പകരം അവർ ആവശ്യപ്പെട്ടത് രണ്ട് മലയണ്ണാനുകളെയാണ്. നെയ്യാർ സിംഹ സഫാരി പാർക്കിലേക്കാണ് രണ്ട് സിംഹങ്ങളെ എത്തിക്കുന്നത്. ഇതിന് സൂ അതോറിറ്റി ഇന്ത്യ അനുമതി നൽകിയിരിക്കുകയാണ്.
ഗുജറാത്ത് സക്കർബർഗ് മൃഗശാലയിൽനിന്നുമാണ് സിംഹങ്ങളെ വാങ്ങുന്നത്. 1984ൽ നാല് സിംഹങ്ങളുമായാണ് സിംഹ സഫാരി പാർക്ക് നെയ്യാറിലെ മരക്കുന്നം ദ്വീപിൽ ആരംഭിക്കുന്നത്. തുടർന്ന് സിംഹങ്ങൾ പെറ്റുപെരുകി. 17 സിംഹങ്ങൾ വരെയായപ്പോൾ പോറ്റാനുള്ള ചെലവും കൂടി. തുടർന്ന് സിംഹങ്ങളുടെ വംശവർധന തടയുക എന്ന തീരുമാനം മൃഗശാല അധികൃതർ എടുത്തു. ഇതിനായി ആൺ സിംഹങ്ങളെ വന്ധ്യംകരിച്ചു.തുടർന്ന് സിംഹങ്ങൾ ഒന്നൊന്നായി ചത്തു. നിലവിൽ ഒരു പെൺ സിംഹം മാത്രമാണ് നെയ്യാർ സിംഹ സഫാരി പാർക്കിലുളളത്. ഇതിന് 17 വയസ് പ്രായമുണ്ട്. സിംഹങ്ങളുടെ ശരാശരി ആയുസ് 17 വയസാണ്. 19 വയസുവരെ ജീവിച്ച രണ്ട് സിംഹങ്ങൾ കഴിഞ്ഞ വർഷം ചത്തു. ഇതിനെ തുടർന്നാണ് സിംഹങ്ങളെ എത്തിക്കാനുള്ള നടപടി ആരംഭിച്ചത്. തിരുവനന്തപുരം മൃഗശാലയുമായി ബന്ധപ്പെട്ട് സക്കർബർഗ് മൃഗശാലയിൽ നിന്ന് മൂന്ന് സിംഹങ്ങളെ എത്തിക്കാൻ തീരുമാനമുണ്ടായിട്ട് വർഷങ്ങളായി. പകരം ഇവർ ആവശ്യപ്പെട്ടിരുന്നത് രണ്ട് മലയണ്ണാന്മാരെയാണ്. ഈ നടപടികളാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.
ഏഷ്യയിലെ രണ്ടാമത്തെ സിംഹ സഫാരി പാർക്കാണ് നെയ്യാറിലേത്. നന്നായി മുന്നോട്ടുകൊണ്ടുപോയാൽ കേരളത്തിന്റെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമാകുവാൻ സാധിക്കുന്ന സ്ഥാപനമാണ് നെയ്യാർ ലയൺ പാർക്ക്. ഇവിടെ നിന്നും മലയണ്ണാനുമായി വനംവകുപ്പ് സംഘം ഉടൻ ഗുജറാത്തിലേക്ക് തിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ പശ്ചിമഘട്ട വനങ്ങളിൽ കണ്ടുവരുന്ന അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പവും സൗന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ. മരത്തിന്റെ മുകളിൽ തന്നെ കഴിയുന്ന ഈ സസ്തനിയുടെ വിവിധ ഉപജാതികളെ ഇന്ത്യയിലെമ്ബാടും കാണാവുന്നതാണ്. എന്നാൽ ഇന്ത്യയിലെ ഒരു തദ്ദേശീയ ജീവിയാണിത്. പൂർണമായും കാടുകളിൽ ജീവിക്കുന്ന മലയണ്ണാൻ പകൽ പുറത്തിറങ്ങുന്ന ഒരു ജീവിയാണ്.കേരളത്തിൽ കണ്ടുവരുന്ന മലയണ്ണാന്റെ ശരീരത്തിന്റെ പുറംഭാഗം ചുവപ്പു കലർന്ന തവിട്ടു നിറത്തോടു കൂടിയതായിരിക്കും. താടിമുതൽ പിൻകാലുകളുടെ ഇടയിൽ വരെ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലോ ഇളം തവിട്ടു നിറത്തിലോ ആണുണ്ടാവുക. ഈ നിറപ്രത്യേകത മൂലം മലയണ്ണാനെ ചിലപ്പോൾ മരനായ ആയി തെറ്റിദ്ധരിക്കാറുണ്ട്. ശരീരത്തിന് 45 സെ.മീ. നീളമുണ്ടാകാറുണ്ട്. വാൽ ഏകദേശം 70 സെ.മീ. നീളത്തിലുണ്ടായിരിക്കും. വാലിന്റെ അറ്റത്തായി ചെറിയ നിറവ്യത്യാസമുണ്ട്. രണ്ട് കിലോഗ്രാം ഭാരമാണ് ഏകദേശമുണ്ടാവുക.