play-sharp-fill
കർണാടകയിലെ കുതന്ത്രം മദ്ധ്യപ്രദേശിലും പയറ്റാനൊരുങ്ങി ബിജെപി ; ഞെട്ടി വിറച്ച് കോൺഗ്രസ്

കർണാടകയിലെ കുതന്ത്രം മദ്ധ്യപ്രദേശിലും പയറ്റാനൊരുങ്ങി ബിജെപി ; ഞെട്ടി വിറച്ച് കോൺഗ്രസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കർണാടക മാതൃകയിലുള്ള പരീക്ഷണം ബി.ജെ.പി മദ്ധ്യപ്രദേശിലും നടത്തുമോ എന്ന ആശങ്കയിൽ കോൺഗ്രസും മുഖ്യമന്ത്രി കമൽനാഥും. തന്റെ സർക്കാരിനെ ബി.ജെ.പി മറിച്ചിടുന്നത് തടയാനായി ഉണർന്നിരിക്കാൻ പാർട്ടി എം.എൽ.എമാരോട് കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് ആഹ്വാനം ചെയ്തു. അതേസമയം മദ്ധ്യപ്രദേശിലെ സർക്കാരിന്റെ മറിച്ചിടാൻ തങ്ങളില്ലെന്നും അത് സ്വയം ഇല്ലാതാവുമെന്നുമാണ് ബി.ജെ.പി പറയുന്നത്. കോൺഗ്രസ് ദേശീയ തലത്തിൽ പ്രസക്തി നിലനിറുത്താൻ പോരാടുമ്പോൾ സംസ്ഥാനങ്ങളിലെ ഭരണം നിലനിറുത്താൻ പെടാപ്പാട് പെടുകയാണെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു.കർണാടകത്തിലെ പോലെ മദ്ധ്യപ്രദേശിലെയും സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് കുറ്റപ്പെടുത്തിയിരുന്നു. എല്ലാവരും കോൺഗ്രസിൽ വിശ്വാസമർപ്പിക്കണം. സർക്കാരിനെ മറിച്ചിടാനുള്ള ബി.ജെ.പിയുടെ കുതന്ത്രങ്ങളിൽ വീണുപോകരുത്. ഏതുസമയവും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയ്യാറായി നിൽക്കണമെന്നും കമൽനാഥ് പറഞ്ഞു. ബി.ജെ.പിയുടെ തന്ത്രങ്ങൾ ചെറുക്കാനായി കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നടന്നപ്പോൾ പ്രമുഖ നേതാവ് ഗുലാം നബി ആസാദും പങ്കെടുത്തിരുന്നു. എം.എൽ.എമാർ ബി.ജെ.പിയുടെ കെണിയിൽ വീഴാതിരിക്കാൻ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് എക്‌സിറ്റ് പോൾ വന്നപ്പോൾ തന്നെ മദ്ധ്യപ്രദേശ് സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബി.ജെ.പി നേതാവായ മദ്ധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ ആവശ്യപ്പെട്ടിരുന്നു. മദ്ധ്യപ്രദേശിൽ കോൺഗ്രസ് മന്ത്രിസഭയെ പിന്തുണയ്ക്കുന്ന മായാവതിയുടെ അകൽച്ചയും സർക്കാരിന് ഭീഷണിയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗുണയിലെ ബി.എസ്.പി സ്ഥാനാർത്ഥി കോൺഗ്രസിൽ ചേർന്നത് മായാവതിയെ ചൊടിപ്പിച്ചിരുന്നു. വാജ്‌പേയിയെ തങ്ങൾ താഴെ ഇറക്കിയവരാണ്. കമൽ നാഥിനെയും മറിച്ചിടാൻ മടികാണിക്കില്ലെന്നായിരുന്നു അവർ സൂചിപ്പിച്ചത്. 230 അംഗ സഭയിൽ കോൺഗ്രസിന് 114 അംഗങ്ങളാണുള്ളത്. രണ്ടംഗങ്ങളുള്ള ബി.എസ്.പിയും എസ്.പിയുടെ ഏക അംഗവും കോൺഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. മറ്റു നാല് പേർ സ്വതന്ത്രരാണ്.