
തലയോലപ്പറമ്പ്: ടോള്‍-ചുങ്കം റോഡ് ബി എംആൻഡ് ബിസി നിലവാരത്തില്‍ പുനർനിർമിക്കുന്നു. നാലരക്കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ടോള്‍-ചുങ്കം- പാലാംകടവ് – തലയോലപ്പറമ്പ് റോഡിലെ ടോള്മുതല് ചുങ്കംവരെയുള്ള മൂന്നര കിലോമീറ്റർ ദൂരമാണ് ആധുനിക നിലവാരത്തില്‍ പുനർനിർമിക്കുന്നത്.
18 വർഷങ്ങൾക്കു മുമ്പ് ആലപ്പുഴയിലേക്കു മൂവാറ്റുപുഴയാറിലെ ശുദ്ധജലം എത്തിക്കാനായി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൂറ്റൻ പൈപ്പുകള്‍ സ്ഥാപിച്ചതോടെയാണ് ടോള്‍ മുതല്‍ ചുങ്കം വരെയുള്ള റോഡ് തകർന്നത്. പൈപ്പുകള്‍ സ്ഥാപിച്ച ശേഷം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നായിരുന്നു കരാർ. എന്നാൽ, പൈപ്പ് സ്ഥാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് ഗതാഗതയോഗ്യമാക്കാതിരുന്നതിനാല് വിവിധ രാഷ്ട്രീയ പാർട്ടികളും പ്രദേശവാസികളും പ്രതിഷേധവുമായി വന്നതോടെ റോഡ് വീണ്ടും സഞ്ചാരയോഗ്യമാക്കി.
അതേസമയം, ടോള്‍-പാലാംകടവ് റോഡിലെ ടോള്മുതല് ചുങ്കംവരെയുള്ള ഭാഗത്തെ കുഴികള്‍ താത്കാലികമായി പിഡബ്ല്യുഡി അധികൃതർ അടച്ചപ്പോള്‍ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡ് വീണ്ടും തകർന്നു. പിന്നീട് മാസങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് തകർന്ന ഭാഗംപുനർനിർമിച്ചത്. കരാർ കമ്പനി റോഡ് പിഡബ്ല്യുഡിക്കു കൈമാറാത്തതുമൂലം ഇവിടെ നിർമാണം നടക്കാത്ത സ്ഥിതിയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറവൻതുരുത്ത് പഞ്ചായത്ത് നിരന്തരമായി രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരുവർഷം മുൻപ് റോഡ് പിഡബ്ല്യുഡിക്കു കൈമാറി. 2012നു ശേഷം ടാറിംഗ് നടക്കാത്ത റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. തുടർന്ന് താത്കാലികമായി കുഴികള്‍ അടയ്ക്കുകയായിരുന്നു. സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ നടപടി പൂർത്തീകരിച്ചാലുടൻ നിർമാണം ആരംഭിക്കുമെന്ന് സി.കെ.ആശ എംഎല്‍എ അറിയിച്ചു.







