play-sharp-fill
നീലിമംഗലം അപകടം: കെ.എസ്.ആർ.ടി.സി ജീവനക്കാർ പറഞ്ഞത് പച്ചക്കളം; കെ.എസ്.ആർ.ടി.സിയ്‌ക്കെതിരായ നിർണ്ണായക സാക്ഷി മൊഴി പൊലീസിന്; ബൈക്ക് യാത്രക്കാരനെ റോഡിൽ വച്ച് ‘ശ്വാസം മുട്ടിച്ചു’ കൊന്നത് കെ.എസ്.ആർ.ടി.സി തന്നെ

നീലിമംഗലം അപകടം: കെ.എസ്.ആർ.ടി.സി ജീവനക്കാർ പറഞ്ഞത് പച്ചക്കളം; കെ.എസ്.ആർ.ടി.സിയ്‌ക്കെതിരായ നിർണ്ണായക സാക്ഷി മൊഴി പൊലീസിന്; ബൈക്ക് യാത്രക്കാരനെ റോഡിൽ വച്ച് ‘ശ്വാസം മുട്ടിച്ചു’ കൊന്നത് കെ.എസ്.ആർ.ടി.സി തന്നെ

സ്വന്തം ലേഖകൻ
കോട്ടയം: റോഡിലൂടെ പോകുന്ന ചെറുവാഹനങ്ങളെ തെല്ലും ബഹുമാനിക്കാത്ത കെ.എസ്.ആർ.ടി.സിയുടെ അഹങ്കാരത്തിന് യുവാവിന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ. നീലിമംലഗത്ത് കുറുപ്പന്തറ പള്ളിയ്ക്കു സമീപത്തെ വീട്ടിലെ താമസക്കാരൻ കോഴിക്കോട് വെസ്റ്റ്ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണി (29) മരിച്ചത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗിനെ തുടർന്നാണെന്നു വ്യക്തമാകുന്ന നിർണ്ണായക സാക്ഷി മൊഴി പൊലീസിനു ലഭിച്ചു. അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സ്ഥാപിക്കാൻ കെ.എസ്ആർ.ടി.സി പുറത്തു വിട്ട വീഡിയോയ്ക്കു പിന്നാലെയാണ് ഇപ്പോൾ പൊലീസിനു നിർണ്ണായകമായ സാക്ഷി മൊഴി ലഭിച്ചിരിക്കുന്നത്. പാലത്തിന്റെ നടപ്പാതയ്ക്കും ബസിനും ഇടയിൽ വച്ച് അലനെ ‘ശ്വാസം മുട്ടിച്ച് ‘ കൊലപ്പെടുത്തുകയായിരുന്നു എന്നു വ്യക്തമാകുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അപകടമുണ്ടായുമ്പോൾ തൊട്ടുപിന്നാലെ ഉണ്ടായിരുന്ന കാർ ഡ്രൈവർ ചെമ്മനംപടി സ്വദേശി ശശിയാണ് ശനിയാഴ്ച നിർണ്ണായകമായ മൊഴി ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസിനു നൽകിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ ഡ്രൈവറെയും കണ്ടക്ടറെയും സ്‌റ്റേഷനിൽ  ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്.
കോട്ടയം ഭാഗത്തു നിന്നും നിരവധി വാഹനങ്ങളെ വെട്ടിച്ച് അമിത വേഗത്തിലാണ് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞെത്തിയതെന്ന് ശശിയുടെ മൊഴിയിലുണ്ട്. ബസ് പാലത്തിലേയ് കയറുമ്പോൾ എതിർ ദിശയിൽ നിന്നും ഒരു സ്വകാര്യ ബസ് കടന്നു വന്നു. അപകടം ഒഴിവാക്കാൻ ബസ് അശ്രദ്ധമായി ഇടത്തേയ്ക്ക് ഒതുക്കി. ഇതോടെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരന് ഇടത്തേയ്ക്ക് വാഹനം ഒതുക്കാൻ സ്ഥലം ലഭിച്ചില്ല. വാഹനത്തിനും പാലത്തിന്റെ നടപ്പാതയ്ക്കും ഇടയിൽ ബൈക്ക് യാത്രക്കാരൻ കുടുങ്ങുന്നത് താൻ കണ്ടതായി ശശിയുടെ മൊഴിയിലുണ്ട്. ബൈക്ക് യാത്രക്കാരൻ പാലത്തിന്റെ നടപ്പാതയിൽ ഇടിക്കുന്നതും, ആദ്യം ബസിന്റെ ഒരു വശത്ത് തട്ടുന്നതും താൻ വ്യക്തമായി കണ്ടതായി ശശി പറയുന്നു. പിന്നാലെ ബൈക്കിന്റെ ഒരു വശവും ബസിൽ വന്ന് ഇടിച്ചു.
അപകടം കണ്ടിട്ടും കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ നിർത്താൻ തയ്യാറായില്ലെന്നും ശശി പൊലീസിനു മൊഴി നൽകി. ശശി മൊഴി നൽകിയതിനെ തുടർന്നാണ് തിങ്കളാഴ്ച ഡ്രൈവറെയും കണ്ടക്ടറെയും സ്റ്റേഷനിൽ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകിയത്.