ഇരുപത്തി മൂന്നു വർഷമായി താൻ ആർ എസ് എസിന്റെ സഹയാത്രികൻ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിജിപി ജേക്കബ് തോമസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തോളമായി താൻ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന വെളിപ്പെടുത്തലുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രംഗത്തെത്തി. ആർ.എസ്.എസ് എന്ന് കേൾക്കുമ്‌ബോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവർത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒയാണ് ആർ.എസ്.എസ്. 1996ൽ മൈസൂരിലെ ഒരു സ്‌കൂളിൽ വച്ചാണ് ആർ.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത്. ആർ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ഒരു കൾച്ചറൽ ഓർഗനൈസേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് ജേക്കബ് തോമസിന്റെ തുറന്ന് പറച്ചിൽ. ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനകൾക്കിടയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.എന്നാൽ താൻ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ആളല്ലെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു. അങ്ങനെ എന്തെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കിൽ താൻ മുഖ്യമന്ത്രി പിണറായി വിജയുമായി അടുത്തുനിൽക്കുമായിരുന്നു. പിണറായിയുമായി അടുത്ത് നിന്നാൽ സ്ഥാനമാനങ്ങൾ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഇവിടെയുണ്ട്. അത്തരത്തിൽ നിരവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാം. എന്നാൽ താനും പിണറായിയുമായി തെറ്റിയിട്ടില്ലെന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.