
ആലപ്പുഴ: കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അമ്പലപ്പുഴക്കടുത്ത് ദേശീയ പാതയിൽ ഇരട്ടക്കുളങ്ങര ജംഗ്ഷന് സമീപം ഇന്നലെയായിരുന്നു അപകടം.
കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം തെറ്റി എതിർ ദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു. നീർക്കുന്നം പടിഞ്ഞാറെ കാട്ടുമ്പുറം ശ്യാംലാലി (41) നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ബൈക്ക് യാത്രികനായിരുന്നു ഇദ്ദേഹം. അമിതവേഗത്തിൽ റോഡിൽ തെറ്റായ ദിശയിലൂടെ പോയ ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തെ തുടർന്ന് ബൈക്ക് ബസിനടിയിൽപെട്ടു.
നാട്ടുകാർ ഓടിക്കൂടുന്നതിനിടെ ബസിൽ നിന്നും ഡ്രൈവറും കണ്ടക്‌ടറും ഓടി രക്ഷപ്പെട്ടു. പിന്നീട് അമ്പലപ്പുഴ പോലീസെത്തിയ ശേഷമാണ് ഇവർ അപകട സ്ഥലത്തേക്ക് തിരിച്ചെത്തിയത്. ശ്യാംലാലിന് അപകടത്തിൽ ഇരു കാലിനും ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശേഷം യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group