രാഹുൽ ഗാന്ധിക്ക് രക്തംകൊണ്ടെഴുതിയ കത്ത് ; കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയരുതെന്നും പാർട്ടിയെ താഴെ തട്ടിൽ നിന്ന് പുനസംഘടിപ്പിക്കണമെന്നും ആവശ്യം
സ്വന്തം ലേഖകൻ
ദില്ലി: അധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധി തുടരണമെന്ന സമ്മർദ്ദം ശക്തമാക്കി യൂത്ത് കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഒഴിയരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് രക്തം കൊണ്ടെഴുതിയ കത്തുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. യൂത്ത് കോൺഗ്രസ് ബീഹാർ ഘടകമാണ് രാഹുൽ ഗാന്ധി തീരുമാനം പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് രക്തം കൊണ്ട് കത്തെഴുതിയത്.ബീഹാറിലെ പാർട്ടി ആസ്ഥാനത്ത് ഒത്തുകൂടിയാണ് പ്രവർത്തകർ കത്തെഴുതിയത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മദൻ ഝായ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്ത് കൈമാറി. തങ്ങളുടെ വികാരം രാഹുൽ ഗാന്ധിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന അധ്യക്ഷന് കത്ത് കൈമാറിയത്.യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കത്തിനോട് രാഹുൽ ഗാന്ധി അനുകൂലമായി പ്രതികരിക്കുമോയെന്ന് വ്യക്തമല്ല, എങ്കിലും അദ്ദേഹത്തോടുള്ള പ്രവർത്തകരുടെ സ്‌നേഹം നേതൃത്വത്തിലുള്ള വിശ്വാസവുമാണ് കത്തിൽ പ്രതിഫലിക്കുന്നതെന്ന് മദൻ ഝാ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരത്തെ രാജി തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുമ്ബിൽ ഒത്തുകൂടിയിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വയ്ക്കാൻ തീരുമാനിക്കുന്നത്. കേന്ദ്രഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ കോൺഗ്രസിന് പക്ഷെ 52 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.മുതിർന്ന നേതാക്കളടക്കം അനുനയശ്രമങ്ങൾ നടത്തിയെങ്കിലും രാജി തീരുമാനം പുന പരിശോധിക്കില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. സംഘടനാ പ്രവർത്തനങ്ങളിലും രാഹുൽ ഇടപെടലുകൾ നടത്തുന്നില്ല.ഗാന്ധികുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ അധ്യക്ഷനെ കണ്ടെത്താൻ രാഹുൽ ഗാന്ധി നൽകിയ സമയം അവസാനിച്ചിട്ടും രാഹുലിന് പകരക്കാരനെ കണ്ടെത്താനാകുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.