മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 140 ആയി : ബിഹാർ സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
സ്വന്തംലേഖകൻ
ന്യൂഡൽഹി: ബിഹാറിലെ മുസാഫർപൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിംഗ് അജ്മാനി എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിക്കുന്നത് ഇനിയും തുടരാനാവില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നുമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി. ആർ. ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം.അതേസമയം മുസാഫര്‍പൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 140 ആയി. ശ്രീകൃഷ്ണ മെഡിക്കൽ കോളജ്,കേജരിവാൾ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടികളാണ് മരിച്ചത്. മൂന്നുറോളം കുട്ടികൾ ചികിത്സയില്് കഴിയുന്നതായുമാണ് റിപ്പോർട്ടുകൾ.