play-sharp-fill
കെ.കെ റോഡിൽ കൊടുങ്ങൂരിൽ: കാർ റോഡിൽ നിന്നും താഴേയ്ക്ക് പതിച്ചു; മൂന്നു യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കെ.കെ റോഡിൽ കൊടുങ്ങൂരിൽ: കാർ റോഡിൽ നിന്നും താഴേയ്ക്ക് പതിച്ചു; മൂന്നു യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: കെ.കെ റോഡിൽ കൊടുങ്ങൂരിൽ നിയന്ത്രണം നഷ്ടമായ കാർ കുഴിയിലേയ്ക്ക് മറിഞ്ഞു. കൊടുങ്ങൂരിൽ മെഡിക്കൽ മിഷൻ ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം. പിന്നാലെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറിന്റെ പിന്നിൽ തട്ടിയതാണ് അപകടകാരണമെന്ന് യാത്രക്കാർ പൊലീസിൽ മൊഴി നൽകി.
ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. കുമളി ഭാഗത്തു നിന്നും വരികയായിരുന്നു കാർ. അരീപ്പറമ്പ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാർ കൊടുങ്ങൂരിലെ മെഡിക്കൽ മിഷൻ ആശുപത്രിയ്ക്ക് സമീപം എത്തിയതോടെ പിന്നാലെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറിന്റെ പിന്നിൽ തട്ടിയതായി കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. ഇതേ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പതിനഞ്ച് അടി ആഴമുള്ള കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽപ്പെട്ട കാറിലെ യാത്രക്കാരെ പുറത്തെത്തിച്ചു. തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. വാഹനം റോഡിൽ നിന്നും നേരെ താഴെ വന്ന് നിന്നതിനാലാണ് ആർക്കും കാര്യമായ പരിക്കേൽക്കാതിരുന്നത്്.