പഠിച്ച പരീക്ഷകളിലെല്ലാം ഒന്നാം റാങ്ക്: മൂന്നാറിലെ വി.എസിന്റെ പൂച്ച; അഴിമതിക്കെതിരായ പോരാട്ടത്തിന് മുന്നിൽ നിന്ന രാജു നാരായണ സ്വാമി സർക്കാർ സർവീസിൽ നിന്നു പുറത്തേയ്ക്ക്; മാധ്യമങ്ങൾക്ക് മുന്നിൽ സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് സ്വാമി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഒന്നാം ക്ലാസ് മുതൽ ഐഎഎസ് വരെ പഠിച്ച പരീക്ഷകളിലെല്ലാം റാങ്ക് നേടിയ ഉദ്യോഗസ്ഥൻ. ഒന്നിൽ കുറഞ്ഞ ഒരു റാങ്ക് പോലും ഇദ്ദേഹത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ജോലി ചെയ്ത വകുപ്പുകളിലെല്ലാം മികച്ച ട്രാക്ക് റെക്കോർഡ്. അഴിമതിയുടെ കറ ഒരിടത്തും പുരണ്ടിട്ടില്ലാത്ത മികച്ച ഉദ്യോഗസ്ഥൻ. ഇതെല്ലാം നില നിൽക്കെ സർക്കാർ സർവീസിൽ നിന്നും രാജു നാരായണ സ്വാമി പുറത്തേയ്‌ക്കെന്ന് സൂചനകൾ. മൂന്നു മാസമായി, ശമ്പളവും തസ്തികയുമില്ലാതെ സർക്കാരിന്റെ ഒരു കസേരപോലും കിട്ടാതെ മികച്ച ഒരു ഐ.എഎസ് ഉദ്യോഗസ്ഥൻ ത്രശങ്കുവിൽ കഴിയുകയാണ്.
2007 ൽ നടന്ന മൂന്നാർ ഓപ്പറേഷനോടെയാണ് അഴിമതിക്കാരുടെ കണ്ണിൽ രാജു നാരായണ സ്വാമി. മൂന്നാർ ഓപ്പറേഷനായി അന്നത്തെ മുഖ്യമന്ത്രി വി.എസിനൊപ്പം പോരാടാൻ രംഗത്തിറങ്ങിയ മൂന്നു പേരിൽ ഒരാളായിരുന്നു രാജു നാരായണസ്വാമിയും. അന്ന് ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജു നാരായണ സ്വാമിയും, ഋഷിരാജ് സിങ്ങും, സർവീസിൽ നിന്നും വിരമിച്ച സുരേഷ്‌കുമാറും ചേർന്നാണ് വി.എസിനു വേണ്ടി മൂന്നാറിൽ പോരാട്ടം നയിച്ചത്. ഇതോടെ അഴിമതിക്കാർ രാജു നാരായണ സ്വാമിയ്‌ക്കെതിരെ തിരിഞ്ഞു. പിന്നീട്, കഴിഞ്ഞ 12 വർഷമായി അപ്രധാന തസ്തികകളിൽ മാത്രമാണ് രാജു നാരായണ സ്വാമിയ്ക്ക് നിയമനം നൽകിയത്. എസ്എൽസി, പ്രീഡിഗ്രി, ഗേറ്റ്, ഐഐടി, സിവിൽ സർവീസ് പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് രാജുനാരായണ സ്വാമി. സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
മുൻ മന്ത്രിയായിരുന്ന ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത് രാജു നാരായണ സ്വാമിയായിരുന്നു.
ഡഅഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് നൽകിയതായാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ചീഫ് സെക്രട്ടറിയ്‌ക്കെതിരെ ഇപ്പോൾ ആരോപണം ഉന്നയിച്ചാണ് ഇദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.
സർവീസ് കാലാവധി 10 വർഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വമിക്കെതിരെ സർക്കാർ നടപടിക്കൊരുങ്ങുന്നത്. കേരളത്തിന്റെ ശുപാർശ കേന്ദ്ര പേഴ്സണൽ മന്ത്രാലയം അംഗീകരിച്ചാൽ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി.
കേന്ദ്ര സംസ്ഥാന സർവീസുകളിലെ ഉയർന്ന് ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയാണ് ഇദ്ദേഹത്തെ പിരിച്ചുവിടണമെന്ന തീരുമാനമെടുത്തത്. കേന്ദ്ര- സംസ്ഥാന സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു, സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും ഓഫീസുകളിൽ പലപ്പോഴും ഹാജരായിരുന്നില്ല, കേന്ദ്ര സർവീസിൽ നിന്ന് തിരികെ എത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല,നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സർക്കാർ രേഖകളിലില്ല തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെയുള്ളത്.
എന്നാൽ, ആരെയെയും കുറ്റപ്പെടുത്താൻ താൻ തയ്യാറല്ലെന്നും ഇപ്പോഴത്തെ സിസ്റ്റത്തിന്റെ കുഴപ്പമാണ് ഇതെന്നും രാജു നാരായണ സ്വാമി പറഞ്ഞു. എന്നാൽ, ഇതു സംബന്ധിച്ചു തനിക്ക് മാ്ധ്യമങ്ങളിലൂടെ മാത്രമുള്ള അറിവാണ് ഉള്ളത്. പിരിച്ചു വിടൽ സംബന്ധിച്ചു തനിക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.