
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഫോണിൽക്കളിയും സെൽഫിയെടുക്കലും, അമ്മയും യു.പി.എ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിക്കൊപ്പം മുൻനിരയിലിരുന്ന രാഹുൽ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നത് ടെലിവിഷൻ കാമറയിൽ പതിഞ്ഞിരുന്നു. കുറെ നേരം ഫോണിൽ ടൈപ്പു ചെയ്ത രാഹുൽ ഇടയ്ക്ക് സെൽഫിയെടുക്കുന്നതും കണ്ടു. രാഷ്ട്രപതി സർജിക്കൽ ആക്രമണത്തെ പ്രകീർത്തിച്ചപ്പോൾ സോണിയ അടക്കം ഡെസ്‌കിൽ കൈയടിച്ചെങ്കിലും രാഹുൽ അനങ്ങാതെ നിലത്തേക്ക് നോക്കിയിരുന്നു. ഇതു കണ്ട് സോണിയ തുറിച്ചു നോക്കിയതോടെ ഫോൺ മാറ്റി വച്ചു. പിന്നീട് ഏറെ നേരം സോണിയയുമായി സംസാരമായിരുന്നു രാഹുൽ.