‘ഈ പരമ്പരയിലെ ഇവന്‍റെ കളി കഴിഞ്ഞു’, ബാറ്റിംഗിനായി ക്രീസിലെത്തിയ ഗില്ലിനെ പരിഹസിച്ച് സ്റ്റോക്സും ഡക്കറ്റും

Spread the love

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 58-4 എന്ന നിലയിലാണ് ക്രീസ് വിട്ടത്. 33 റണ്‍സുമായി കെ എല്‍ രാഹുലാണ് ക്രീസില്‍. രണ്ടാം ഓവറില്‍ യശസ്വി ജയ്സ്വാള്‍ പുറത്തായതിന് പിന്നാലെ കെ എല്‍ രാഹുലും കരുൺ നായരും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കരുണിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബ്രെയ്ഡന്‍ കാര്‍സാണ് ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചക്ക് തുടക്കമിട്ടത്.

കരുണ്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനാകട്ടെ ഈ പരമ്പരയില്‍ ഇതുവരെ പുറത്തെടുത്ത പ്രകടനത്തിന്‍റെ അടുത്തൊന്നും എത്താനായില്ല. ബ്രെയ്ഡന്‍ കാര്‍സിന്‍റെ സ്വിംഗിന് മുന്നില്‍ തുടക്കം മുതല്‍ പതറിയ ഗില്ലിനെ ഒരു തവണ കാര്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ ഗില്ലിനെ വീണ്ടും വിക്കറ്റിന് മുന്നില്‍ കുടുക്കിയ കാര്‍സ് ഇത്തവണ ഇന്ത്യൻ ക്യാപ്റ്റന് അവസരമൊന്നും നല്‍കാതെ പുറത്താക്കി.

ഇത്തവണയും ഗില്‍ റിവ്യു എടുത്തെങ്കിലും അമ്പയറുടെ തീരുമാനം ശരിവെച്ചതോടെ ഗില്‍ തിരിച്ചു നടന്നു. ഇതിനിടെ കരുണ്‍ നായര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഗില്ലിനെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സും ബെന്‍ ഡക്കറ്റും ചേര്‍ന്ന് സ്ലെഡ്ജ് ചെയ്യുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. 600 റണ്‍സടിച്ചില്ലെ, ഈ പരമ്പരയിലെ അവന്‍റെ കളി കഴിഞ്ഞു എന്നായിരുന്നു സ്റ്റോക്സിന്‍റെ വാക്കുകള്‍. ഇതുകേട്ട് ഇവന് 600 റണ്‍സൊക്കെ മതി എന്നായിരുന്നു ഡക്കറ്റിന്‍റെ പരിഹാസം. പിന്നാലെ ഒമ്പത് പന്ത് മാത്രം നേരിട്ട് ഒരു ബൗണ്ടറി അടക്കം ആറ് റണ്‍സ് മാത്രമെടുത്ത് ഗില്‍ പുറത്തവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് 585 റണ്‍സടിച്ച ഗില്ലിന് പക്ഷെ ലോര്‍ഡ്സിലെ ആദ്യ ഇന്നിംഗ്സില്‍ 16 റണ്‍സും രണ്ടാം ഇന്നിഗ്സില്‍ ആറ് റണ്‍സുമടക്കം 22 റണ്‍സ് മാത്രമാണ് നേടാനായത്. പരമ്പരയില്‍ മൂന്ന് ടെസ്റ്റില്‍ 607 റണ്‍സടിച്ച ഗില്‍ തന്നെയാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമത്.