കോട്ടയം ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പലായും വിദ്യാഭ്യാസ വകുപ്പ് കോട്ടയം മേഖല ഉപമേധാവിയായും പ്രൊഫ.ഡോ. വര്‍ഗീസ് ജേക്കബ് ചുമതലയേറ്റു.

Spread the love

കോട്ടയം : കോട്ടയം ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പലായും കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം മേഖല ഉപമേധാവിയായും പ്രൊഫ.ഡോ. വര്‍ഗീസ് ജേക്കബ് ചുമതലയേറ്റു.

പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയാണ് ഡോ.വര്‍ഗീസ് ജേക്കബ്.

1996 ല്‍ കോഴിക്കോട് ദേവഗിരി സെന്റ്. ജോസഫ് കോളേജില്‍ ഗണിതശാസ്ത്ര വിഭാഗം ലക്ചററായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം തുടര്‍ന്ന് വെണ്ണിക്കുളം ഗവ.പോളിടെക്നിക് ഗവ.കോളേജ്, കോട്ടയം ഗവ. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും വകുപ്പ് മേധാവിയായും സേവനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ല്‍ നാദാപുരം ഗവ.കോളേജ് പ്രിന്‍സിപ്പലായും കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ ഉപമേധാവിയായും നിയമിതനായ അദ്ദേഹം ഗണിതശാസ്ത്രമേഖലയില്‍ അറിയപ്പെടുന്ന ഗവേഷണ മാര്‍ഗദര്‍ശി കൂടിയാണ്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം കൊച്ചി ശാസ്ത്ര-സാങ്കേതികശാസ്ത്ര സര്‍വ്വകലാശാലയില്‍ ബിരുദാനന്തരബിരുദവും ഗവേഷണവും പൂര്‍ത്തിയാക്കി.

പഠനകാലത്ത് സര്‍വ്വകലാശാലാ അക്കാദമിക് കൌണ്‍സില്‍ അംഗമായിരുന്നു.
ഗണിതശാസ്ത്ര മോഡലിംഗിലും ക്യൂയിംഗ് തിയറിയിലും ഒട്ടേറെ ദേശീയ അന്തര്‍ദ്ദേശീയ സെമിനാറുകളില്‍ ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2016-2019 കാലഘട്ടത്തില്‍ ഇന്തോ-റഷ്യന്‍ ശാസ്ത്രഗവേഷണ പ്രോജക്ടില്‍ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മോഡേണ്‍ പെഴ്സ്പെക്ടീവ്സ് ഇന്‍ തിയററ്റിക്കല്‍ ഫിസിക്സ് എന്ന പുസ്തകം എഡിറ്റു ചെയ്തിട്ടുണ്ട്.
കോട്ടയം സി എം എസ് കോളേജ്, എറണാകുളം സെന്റ്. തെരേസാസ് കോളേജ്, തേവര എസ് എച്ച് കോളേജ് തുടങ്ങിയ ഓട്ടോണമസ് കോളജുകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാണ്.

തിരുവല്ല ഇരവിപേരൂര്‍ സെന്റ്. ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക ശോഭ മേരി വര്‍ക്കിയാണ് ഭാര്യ. മക്കള്‍ സാന്‍ജോ വര്‍ഗീസ് എറണാകുളത്ത് ഐ.ടി.മേഖലയില്‍ ഉദ്യോഗസ്ഥനാണ്. സനയ് വര്‍ഗീസ് രാജഗിരി കോളജില്‍ രണ്ടാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്.