video
play-sharp-fill

കാടിന്റെ പ്രിയപ്പെട്ടമകൻ പാതിവഴിയിൽ മടങ്ങി; ബൈജു കെ വാസുദേവന്റെ അകാല വിയോഗത്തിൽ വിറങ്ങലിച്ച് കാടും നാടും

കാടിന്റെ പ്രിയപ്പെട്ടമകൻ പാതിവഴിയിൽ മടങ്ങി; ബൈജു കെ വാസുദേവന്റെ അകാല വിയോഗത്തിൽ വിറങ്ങലിച്ച് കാടും നാടും

Spread the love

സ്വന്തം ലേഖിക

തൃശൂർ: കാട്ടരുവിയും കാട്ടാറുകളും വിറങ്ങലിച്ചു നിന്നിട്ടുണ്ടാവണം, കൊടുങ്കാറ്റിലും ഉലയാത്ത മഹാമേരുക്കളുടെ ഉള്ളൊന്നു കിടുങ്ങിയിട്ടുണ്ടാവണം അവരുടെ മകനായ ബൈജുവിന്റെ അകാല വിയോഗ വാർത്തയറിഞ്ഞ്. കാടുമായി അത്രയേറെ ഇടപഴകിയ വ്യക്തിയായിരുന്നു ബൈജു കെ. വാസുദേവൻ. കാടിനു കാവലായും കാട്ടുപക്ഷികൾക്കു കരുതലായും സൗഹൃദങ്ങൾക്കു സ്നേഹമായും നിന്നിരുന്ന ബൈജു ഇനിയില്ല. ടാങ്കിനു മുകളിൽനിന്നു വഴുതിവീണാണ് പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ. വാസുദേവൻ (43) മരണമടഞ്ഞത്.പരിസ്ഥിതി പ്രവർത്തകൻ, പ്രകൃതി സ്നേഹി, കലാകാരൻ എന്നീ നിലകളിലാണ് ബൈജു വാസുദേവൻ അറിയപ്പെട്ടിരുന്നത്.അജ്ഞാത വാഹനമിടിച്ചു മരിച്ച ആൺ വേഴാമ്പലിനെ വഴിയരികിൽ കണ്ട ബൈജു, വേഴാമ്പലിന്റെ കുഞ്ഞുങ്ങളെ തേടി കാട്ടിലലഞ്ഞ് അവരെ കണ്ടെത്തി സംരക്ഷകനായി. അതോടെയാണ് അദ്ദേഹം മാധ്യമശ്രദ്ധ നേടിയത്. ബാംബൂ കോർപ്പറേഷൻ ജീവനക്കാരനായ വാസുദേവന്റെയും നബീസയുടെയും മൂത്ത പുത്രനായി അതിരപ്പിള്ളിയിൽ കാടിനരികിലെ വീട്ടിൽ ജനിച്ചു, സസ്യലതാദികളും വന്യമൃഗങ്ങളും നിറഞ്ഞ കൊടുംകാട്ടിൽ വളർന്നു.
പത്താം വയസിലാണ് ആദ്യമായി കാടുകയറിയത്. ആദിവാസികൾ ബൈജുവിനെ കാടിനു പരിചയപ്പെടുത്തിക്കൊടുത്തു. പക്ഷിമൃഗാദികളുടെ ഒച്ചകളിൽനിന്ന് അപകടം തിരിച്ചറിയുന്നതെങ്ങനെ, രാത്രിപക്ഷിയായ നിലക്കൂളൻ പകൽ കൂവുന്നതു കാട്ടാനക്കൂട്ടം ആ വഴിക്കു വരുന്നതിനുള്ള സൂചനയാണ് എന്നിങ്ങനെ കാടുമായി ബന്ധമുള്ള എല്ലാ കാര്യങ്ങളും ആഴത്തിൽത്തന്നെ ബൈജു മനസിലാക്കി.ബൈജു പത്താം ക്ലാസിൽ പഠനം പൂർത്തിയാക്കി നിന്ന സമയത്ത് ഫോറസ്റ്റ് ഗാർഡർമാർക്കുവേണ്ടിയുള്ള റിക്രൂട്ട്മെന്റ് ക്യാമ്പിൽ പങ്കെടുത്തതു വഴിത്തിരിവായി.കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വനം ഉദ്യോഗസ്ഥരിൽനിന്നു തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം കാടിനെയും മൃഗങ്ങളെയും സംരക്ഷിക്കാനുള്ളതായി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേയുള്ള സമരം, ശാന്തിവനം സമരം എന്നിവയിലാണ് ബൈജു അവസാനമായി പങ്കെടുത്തത്. കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോളജ് ഓഫ് ഫോറസ്ട്രിയിൽ വിസിറ്റിങ് ഫാക്കൽറ്റിയായ ബൈജു വനംവകുപ്പിന്റെ പരിസ്ഥിതി സാക്ഷരതാ യജ്ഞത്തിലും സജീവ സാന്നിധ്യമായിരുന്നു.ഗുരുതരമായി പരുക്കേറ്റ് അതിരപ്പിള്ളിയിൽനിന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലൻസിൽവച്ചാണ് അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് അതിരപ്പിള്ളി പുളിയിലപ്പാറയിൽ. അച്ഛൻ: വാസുദേവൻ. അമ്മ: നബീസ. ഭാര്യ: അനീഷ. മക്കൾ: അഭിചന്ദ്രദേവ്, ഗിരിശങ്കർദേവ്, ജാനകി.