ജീവനക്കാരെ അപമാനിച്ച എസ് ബി ഐ യെ വിറപ്പിച്ച് എംഡി; കെ എസ് ആർ ടി സി ജീവനക്കാർക്ക് വായ്പ നൽകിയില്ലെങ്കിൽ കോർപ്പറേഷന്റെ മുഴുവൻ അങ്കൗണ്ടും പിൻവലിക്കുമെന്ന ഭീഷണി ഏറ്റു; ജീവനക്കാർ കരിമ്പട്ടികയിൽ നിന്ന് പുറത്ത്

ജീവനക്കാരെ അപമാനിച്ച എസ് ബി ഐ യെ വിറപ്പിച്ച് എംഡി; കെ എസ് ആർ ടി സി ജീവനക്കാർക്ക് വായ്പ നൽകിയില്ലെങ്കിൽ കോർപ്പറേഷന്റെ മുഴുവൻ അങ്കൗണ്ടും പിൻവലിക്കുമെന്ന ഭീഷണി ഏറ്റു; ജീവനക്കാർ കരിമ്പട്ടികയിൽ നിന്ന് പുറത്ത്

അബ്ദുൾ സലിം

കൊച്ചി: ചരിത്രത്തിൽ ആദ്യമായി മാസത്തിന്റെ അവസാന ദിനം തന്നെ ശമ്പളം നൽകി ജീവനക്കാരെ ഞെട്ടിച്ച തച്ചങ്കരി മാജിക് വീണ്ടും. കോർപ്പറേഷനിലെ ജീവനക്കാരെ കരിമ്പട്ടികയിൽപെടുത്തി വായ്പ നിഷേധിച്ചിരുന്ന എസ് ബി ഐക്കെതിരെയാണ് തച്ചങ്കരി രംഗത്ത് എത്തിയത്. കെ എസ് ആർ ടി സിയിലെ സാലറി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വായ്പ അനുവദിച്ചില്ലെങ്കിൽ കോർപ്പറേഷന്റെ മുഴുവൻ അങ്കൗണ്ടുകളും ഇടപാടുകളും അവസാനിപ്പിക്കുമെന്നാണ് തച്ചങ്കരിയുടെ കത്ത്.
കഴിഞ്ഞ ദിവസമാണ് എസ്ബിഐ ചീഫ് ജനറൽ മാനേജർ വെങ്കിട്ടരാമന് തച്ചങ്കരി ഇത് സംബന്ധിച്ച് കത്തയച്ചത്. രണ്ടായിരം കോടി വാർഷിക ടേൺ ഓവറാണ് കോർപ്പറേഷനുള്ളത്. ഈ ഇടപാടുകളിൽ ഏറെയും എസ് ബി ഐയുമായാണ് താനും. ജീവനക്കാർക്ക് സാലറി സർട്ടിഫിക്കിന്റെ അടിസ്ഥാനത്തിൽ വായ്പ അനുവദിച്ചില്ലെങ്കിൽ ശക്തമായ നടപടിയിലേക്ക് കടക്കുമെന്നാണ് തച്ചങ്കരിയുടെ ഭീഷണി.

  • ഇത് സംബന്ധിച്ച് എസ് ബി ഐ സോണൽ ഓഫിസുകൾക്കും ജീവനക്കാർക്കും നിർദേശം നൽകണമെന്നും തച്ചങ്കരി കത്തിൽ ആവശ്യപ്പെടുന്നു. കെ എസ് ആർ ടി സി കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടപ്പോഴാണ് ജീവനക്കാർക്ക് വായ്പ അനുവദിക്കേണ്ടന്ന് എസ്ബിഐ തീരുമാനിച്ചത്. ഇത് കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് കെ എസ് ആർ ടി സിയെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തച്ചങ്കരിയെ രംഗത്തിറക്കിയത്. ഇത് ഫലം കാണുന്നുവെന്നാണ് സൂചനകൾ.