ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനിടെ സിഐ നവാസ് തിരിച്ചെത്തി: നവാസിനെ കണ്ടെത്തിയത് തമിഴ്‌നാട്ടിൽ നിന്ന്; അശ്വാസത്തിൽ പൊലീസ് സേന
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: എസിപിയുടെ അസഭ്യ വർഷത്തെ തുടർന്ന് നാടുവിടേണ്ടി വന്ന എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സിഐ നവാസിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കരൂരിൽ നിന്നും റെയിൽവേ പൊലീസാണ് സിഐ നവാസിനെ കണ്ടെത്തിയത്. വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ട റെയിൽവേ പൊലീസ് അധികൃതർ എത്തിയത് നവാസ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നവാസിനെ തിരികെ എത്തിക്കുന്നതിനായി കൊച്ചി പൊലീസ് കരൂരിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
എസിപി വയർലെസ് സെറ്റിലൂടെ അസഭ്യം പറഞ്ഞതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് നവാസിനെ കാണാതെയാവുന്നത്. നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരള പൊലീസിൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഉൾപ്പടെ അറിയിപ്പ് നൽകിയിരുന്നു. സേനയിലെ തന്നെ ഒരു ഉദ്യോഗസ്ഥനെ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയായിരുന്നു.
മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടർന്നാണ് സിഐ നവാസ് നാട് വിട്ടതെന്നാരോപിച്ച് നവാസിൻറെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ മുതൽ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയിൽ പറയുന്നത്. സെൻട്രൽ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകൾ 13-ാം തീയതി നവാസ് ഒഴിഞ്ഞതായി വിവരമുണ്ട്. 13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് സ്റ്റേഷനിൽ തിരിച്ചെത്തിയ ശേഷം തൻറെ ഔദ്യോഗിക ഫോൺ നമ്പറിൻറെ സിം കീഴുദ്യോഗസ്ഥന് കൈമാറുയുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. നവാസിൻറെ ഭാര്യയുടെ പരാതിയെ തുടർന്ന് മേലുദ്യോഗസ്ഥനായ കൊച്ചി എസിപി സുരേഷ് കുമാറിനെ ഡിസിപി പൂങ്കുഴലി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവാസിനെ കണ്ടെത്താൻ കൊച്ചിയിൽ നിന്നുളള നാല് പൊലീസ് സംഘങ്ങളാണ് വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തി വരുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു.