
പാലാ: പാലായിൽ കൺസ്യൂമർഫെഡിന്റെ മദ്യ വില്പന ശാലയിൽ യുവാവിനെ ആക്രമിച്ച് പണം അപഹരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലാ ളാലം പരുമല വീട്ടിൽ ജോജോ ജോർജ്ജ് (29 )ആണ് പാലാ പോലീസിന്റെ പിടിയിലായത്. ഇന്നലെ മദ്യം വാങ്ങാനെത്തിയ ഇടുക്കി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപിച്ച് പോക്കറ്റിൽ ഉണ്ടായിരുന്ന 3000/- രൂപയും 13000/- വില വരുന്ന ഫോണും തട്ടിയെടുക്കുകയായിരുന്നു.
ജോജോയെ പാലാ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ, സന്തോഷ് കെ സി, ബിജു ചെറിയാൻ, ഹരിഹരൻ, സി പി ഒ ജോസ് ചന്ദർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്കെതിരെ പാലാ പോലീസ് കാപ്പ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.