നല്‍കുന്ന പണത്തിന് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണം; റോഡ് മോശമാണെങ്കില്‍ ടോള്‍ പിരിക്കാൻ പാടില്ല:  ഹൈകോടതി

Spread the love

കൊച്ചി: ടോള്‍ ബൂത്തില്‍ പണം നല്‍കുന്ന യാത്രക്കാർക്ക് ദേശീയ പാതയുടെ സേവനം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. തൃശൂർ -ഇടപ്പള്ളി ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരുന്നതിനെതിരായ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.

video
play-sharp-fill

സേവനം മോശമായിട്ടും ടോള്‍ നല്‍കേണ്ടിവരുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ഷാജി കോടകണ്ടത്താണ് ഹർജി നല്‍കിയത്. റോഡ് മോശമായി യാത്രാ സൗകര്യം നല്‍കാൻ കഴിയില്ലെങ്കില്‍ ടോള്‍ പിരിക്കാനും പാടില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടിയ കോടതി, ഹർജി വീണ്ടും 25ന് പരിഗണിക്കാൻ മാറ്റി.

പാത സ്തംഭിക്കുന്ന സഹചര്യമുണ്ടായാലല്ലാതെ ഗതാഗതക്കുരുക്കിന്റെ പേരില്‍ ടോള്‍ പിരിവ് നിർത്താനാവില്ലെന്ന് കേന്ദ്രത്തിന് വേണ്ടി അസി. സോളിസിറ്റർ ജനറല്‍ എ.ആർ.എല്‍. സുന്ദരേശൻ കോടതിയെ അറിയിച്ചു. രണ്ടും തമ്മില്‍ ബന്ധപ്പെടുത്താനാവില്ലെന്നും വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ദേശീയ പാതയിലെ നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗതക്കുരുക്കെന്നും സ്വാഭാവിക പ്രതിഭാസമല്ലെന്നും കോടതി പറഞ്ഞു. നല്‍കുന്ന പണത്തിന് സേവനം നല്‍കാൻ ദേശീയപാത അതോറിറ്റി ബാധ്യസ്ഥരാണ്. തുടർന്ന്, വിശദീകരണത്തിന് കേന്ദ്രം സമയം തേടുകയായിരുന്നു.

ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും വൻതോതില്‍ ലാഭം കൊയ്ത സാഹചര്യത്തില്‍ പാലിയേക്കരയിലെ ടോള്‍പിരിവ് അവസാനിപ്പിക്കണമെന്ന ആവശ്യവും ഹർജിയില്‍ ഉന്നയിച്ചിട്ടുണ്ട്.