
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി നേത്ര രോഗ വിഭാഗത്തിലെ ലേസർ മെഷീൻ തകരാറിലായിട്ട് ഒരു വർഷത്തോളമാകുന്നു.
രോഗികള്‍ ചികിത്സ കിട്ടാതെ പ്രതിസന്ധിയില്‍. ഇവിടത്തെ ഒസിടി മെഷീന്‍റെ പ്രവർത്തനവും കാര്യക്ഷമമല്ല.
നേത്രസംബന്ധമായ രോഗം ബാധിച്ചവർക്ക് ലേസർ ചികിത്സയിലുടെ പരിഹാരം കണ്ടെത്താം. രോഗത്തിനനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ലേസർ ചികിത്സകളുണ്ട്. കണ്ണിലെ പ്രഷർ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ വിവിധങ്ങളായ നേത്ര രോഗങ്ങള്‍ക്ക് ലേസർ ചികിത്സ ആവശ്യമാണ്. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലേസർ മെഷീൻ പ്രവർത്തനരഹിതമായിട്ട് ഒരു വർഷത്തോളമാകുകയാണ്.
വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിനു രോഗികളാണ് ചികിത്സ കിട്ടാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ലേസർ ചികിത്സയുണ്ടെങ്കിലും എല്ലാ ലേസർ ചികിത്സയ്ക്കുമുള്ള ലെൻസ് ഇവിടില്ലാത്തതു രോഗികളെ വലയ്ക്കുകയാണ്. സ്വകാര്യ കണ്ണാശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ കണ്ണാശുപത്രിയില്‍ ഒരു തവണ ലേസർ ചെയ്യണമെങ്കില്‍ 3000 മുതല്‍ 4000 രൂപ വരെ നല്‍കണം. മെഡിക്കല്‍ കോളജിലെ ഒസിടി മെഷീന്‍റെ പ്രവർത്തനവും കാര്യക്ഷമമല്ല. കണ്ണിലെ റെറ്റിനയുടെ നടുഭാഗത്തെ ഞരമ്പിന് ബാധിക്കുന്ന നീര്, കൊഴുപ്പ്, ബ്ലീഡിംഗ്, ഞരമ്ബിന്‍റെ കട്ടി എന്നിവ കണ്ടെത്തുന്നതിന് കണ്ണ് സ്കാൻ ചെയ്യുന്നതിനാണ് ഒസിടി മെഷീൻ ഉപയോഗിക്കുന്നത്.
റെറ്റിനയിലെ ഞരമ്ബിന്‍റെ ആരോഗ്യം നിർണയിക്കാൻ ഒസിടി മെഷീൻ നേത്രസംബന്ധമായ രോഗം ബാധിച്ചവർക്ക് അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ ആശുപത്രി അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി.