
കൊച്ചി: അറബിക്കടലിൽ തീയാളുന്ന ചരക്കുകപ്പൽ വാൻഹയി 503 കേരള തീരത്ത് ഉയർത്തുന്നതു വലിയ പാരിസ്ഥിതിക ദുരന്തഭീതി.
കപ്പലിലെ തീ നിയന്ത്രണാതീതമായതും ഉള്ളിലെ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നതും കടൽ, തീര ആവാസ വ്യവസ്ഥയ്ക്കു വൻ വെല്ലുവിളിയാണ്. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്.
ഇതു സംഭവിച്ചാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെ. മൂന്നാഴ്ച മുൻപ് ആലപ്പുഴ തോട്ടപ്പള്ളിക്കു സമീപം കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 എന്ന കപ്പലിലെ അപകടകരമായ കണ്ടെയ്നറുകളും ഇന്ധനവും സുരക്ഷിതമായി നീക്കുന്നതിനുള്ള ശ്രമം ആരംഭിച്ച ദിവസം തന്നെ വീണ്ടും ഒരു കപ്പലപകടം ഉണ്ടായതു കാര്യങ്ങൾ സങ്കീർണമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നതു കണ്ടെയ്നറുകളിലെ തീപിടിക്കുന്ന രാസവസ്തുക്കളാണ്. കണ്ടെയ്നറുകൾ ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ടെന്നാണു വിവരം. ഇതിനാൽ അടുത്തു ചെന്നു അഗ്നിരക്ഷാ പ്രവർത്തനം നടത്താൻ കോസ്റ്റ്ഗാർഡിനും നാവികസേനയ്ക്കും സാധിക്കുന്നില്ല.
കപ്പലിന്റെ എല്ലാ ഭാഗത്തും തീ പടർന്നിട്ടുണ്ടെന്ന വിവരമാണു ലഭിക്കുന്നത്.
അന്തരീക്ഷവായുവുമായി കലർന്നാൽ എളുപ്പത്തിൽ തീപിടിക്കുന്ന രാസവസ്തുക്കളാണു കണ്ടെയ്നറുകളിലുള്ളത് എന്നല്ലാതെ ഏതു രാസവസ്തുക്കളാണിവ എന്നു വ്യക്തമല്ല. ഇതു കണ്ടെത്തിയാലേ ഈ രാസവസ്തുക്കൾ എത്രത്തോളം പരിസ്ഥിതിയെ ബാധിക്കുമെന്നു വിലയിരുത്താനാകൂ.
മൂന്നാഴ്ച മുൻപു മുങ്ങിയ എംഎസ്സി എൽസ 3യിൽ അപകടകരമായ കുറച്ചു കണ്ടെയ്നറുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ വാൻഹയിയിലെ ഭൂരിഭാഗം കണ്ടെയ്നറുകളും ഈ ഗണത്തിൽ പെടുന്നവയാണെന്നാണു വിവരം.



