കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകൾക്ക് നഷ്ടം 71,542.93 കോടി
സ്വന്തംലേഖകൻ
മുംബൈ: രാജ്യത്തെ ബാങ്കുകളിൽ തട്ടിപ്പ് കേസുകൾ കുത്തനെ കൂടുന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം(2018-2019) 6,801 കേസുകളിലായി ബാങ്കുകൾക്ക് നഷ്ടപ്പെട്ട തുക 71,542.93 കോടി രൂപയാണ്. 2017-18ൽ 5,916 കേസുകളിലായി 41,167.03 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. തൊട്ടു
മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം തട്ടിപ്പ് തുകയിലുണ്ടായ വർദ്ധന 73 ശതമാനമാണെന്ന് വിവരാവകാശ പ്രകാരം റിസർവ് ബാങ്ക് നൽകിയ മറുപടി വ്യക്തമാക്കുന്നു.കഴിഞ്ഞ പതിനൊന്ന് സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തെ ബാങ്കുകളിൽ റിപ്പോർട്ട് ചെയ്ത തട്ടിപ്പുകേസുകൾ 53,334 എണ്ണമാണ്. തട്ടിപ്പിലുൾപ്പെട്ട തുക 2.05 ലക്ഷം കോടി രൂപയും. ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പുകേസുകളാണ് റിസർവ് ബാങ്കിന്റെ പക്കലുള്ളത്. അതിൽ താഴെ തട്ടിപ്പ് മൂല്യമുള്ള കേസുകൾ ബാങ്കുകൾ പൊതുവേ റിപ്പോർട്ട് ചെയ്യാറില്ല. അതുകൂടി കണക്കാക്കിയാൽ, കേസുകളും തുകയു ഇതിന്റെ പതിന്മടങ്ങ് വരും. റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പു കേസുകളിന്മേൽ, ബാങ്കുകൾ നിയമപരമായ നടപടി എടുക്കണമെന്നും ചട്ടമുണ്ട്.നിലവിൽ 13 വിഭാഗങ്ങളിലായാണ് ബാങ്കിംഗ് തട്ടിപ്പുകൾ കണക്കാക്കിയിരിക്കുന്നത്. ജെം ആൻഡ് ജുവലറി, മാനുഫാക്ചറിംഗ് ആൻഡ് ഇൻഡസ്ട്രി, കാർഷികം, മീഡിയ, വ്യോമയാനം, സർവീസ്, വ്യാപാരം, ചെക്ക് തട്ടിപ്പ്, ഐ.ടി., കയറ്റുമതി, സ്ഥിരനിക്ഷേപ തട്ടിപ്പ്, ഡിമാൻഡ് ലോൺ, ലെറ്റർ ഒഫ് കംഫർട്ട് എന്നിവയാണവ. വിവിധ ബാങ്കുകളിലെ ഉന്നതർപോലും ബാങ്കിംഗ് തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐ.ഡി.ബി.ഐ ബാങ്കിന്റെ മുൻ ചെയർമാൻ സി. ശിവശങ്കരൻ, ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന കിഷോർ ഖരാട്ട്, സിൻഡിക്കേറ്റ് ബാങ്കിന്റെ സി.ഇ.ഒയായിരുന്ന മെൽവിൻ റീഗോ തുടങ്ങിയവർക്കെതിരെ സി.ബി.ഐ കേസുകളെടുത്തിരുന്നു.
ബാങ്കിംഗ് തട്ടിപ്പ്
(വർഷവും തുകയും)
2008-09 – 1,860
2009-10 – 1,998
2010-11 – 3,815
2011-12 – 4,501
2012-13 – 8,590
2013-14 – 10,170
2014-15 – 19,455
2015-16 – 18,698
2016-17 – 23,933
2017-18 – 41,167
2018-19 – 71,500
(തുക കോടി രൂപയിൽ)