പാലക്കാട്: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. പാലക്കാട് മണ്ണാർക്കാട് ഏടത്തനാട്ടുകരയില്‍ ഇന്നലെയാണ് കോട്ടപള്ള എംഇഎസ് പടിയില്‍ താമസിക്കുന്ന ടാപ്പിങ് തൊഴിലാളിയായ ഉമ്മർ വാൽപറമ്പിൽ (55) കൊല്ലപ്പെട്ടത്.
വനത്തിനോട് ചേർന്ന ചോലമണ്ണ് മേഖലയിലെ കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ച് രാവിലെ ഒൻപത് മണിയോടെ പോസ്റ്റ്‌മോർട്ടം നടക്കും. അതിരാവിലെ ജോലിക്കായി പോയതായിരുന്നു ഉമ്മർ. തിരിച്ച് വരാതായതോടെ വീട്ടുകാർ ഫോണില്‍ വിളിച്ചു. എന്നാല്‍ കിട്ടിയിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഉമ്മറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്തും തലയിലും മുറിവുണ്ടായിരുന്നു. രാത്രി ഒൻപതരയോടെയാണ് മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഉമ്മറിൻ്റെ കുടുംബത്തിന് നഷ്ട്ടപരിഹാര തുകയുടെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.