
പൊലീസ് ലോക്കപ്പിലെ ആത്മഹത്യ: നവാസിന്റെ പോസ്റ്റ്മാർട്ടം ബുധനാഴ്ച; പരാതിയുമായി ബന്ധുക്കൾ
സ്വന്തം ലേഖകൻ
കോട്ടയം: പൊലീസ് ലോക്കപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ മൃതദേഹം ബുധനാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടം ചെയ്യും. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയിൽ പ്രതി മരിച്ച സാഹചര്യത്തിൽ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മൂന്നിലെ ജഡ്ജി പി.എസ്. രാജു, സബ് കളക്ടര്‍ ഈശ പ്രിയ, കോട്ടയം തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികൾ. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിന്റെ റിപ്പോർട്ട് ചൊവ്വാഴ്ച സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാർത്ഥസാരഥി പിള്ള ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ഇന്നലെ വൈകിട്ട് സമർപ്പിച്ചു. സംഭവത്തിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായതായാണ് പ്രാഥമിക നിഗമനം. പൊലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രത കുറവുണ്ടായെന്നും , പ്രതിയെ പരിപാലിക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ സുചനകളുണ്ട്. റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്യുന്നുണ്ട്.