
തിരുവനന്തപുരം: വകുപ്പിലെ ജീവനക്കാരിയുമായി അശ്ലീലസംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഓഫീസ് കുരുക്കില്‍. സംഭാഷണം റെക്കോഡ് ചെയ്ത യുവതി മന്ത്രി ഓഫീസിലെ ചില ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തി ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യിച്ചതായും ആരോപണമുയര്‍ന്നു.
ഇത് സംബന്ധിച്ച് മന്ത്രിയുടെ സ്റ്റാഫിലെ മൂന്നുപേരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നും വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പേഴ്സണല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കെതിരേയാണ് പരാമര്‍ശം.
ഇതേത്തുടര്‍ന്ന് മന്ത്രി ഓഫീസില്‍ ഇനിയും തുടരാനാവില്ലെന്നു കാണിച്ച് സംഭവങ്ങളുമായി ബന്ധമില്ലാത്ത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാജി നല്‍കിയെങ്കിലും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭാഷണങ്ങള്‍ നടന്നത്. ജോലിസ്ഥലത്ത് പല പരാതികള്‍ ഉയര്‍ന്നതുകാരണം യുവതിയെ സ്ഥലം മാറ്റിയിരുന്നു. സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റം വേണമെന്നാവശ്യപ്പെട്ട് ഇവര്‍ മന്ത്രിയെയും മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെയും സമീപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതികളുടെ ഗൗരവം കണക്കിലെടുത്ത് ഇവര്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്‍കുന്നതിനെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. പരാതി അന്വേഷിക്കാനും വകുപ്പ് നടപടിയെടുത്തു. ഇതോടെ, ഉദ്യോഗസ്ഥര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തത് കൈവശമുണ്ടെന്നും അവകാശപ്പെട്ട് യുവതി രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു സംഭവം. യുവതി ജോലിചെയ്ത സ്ഥലത്തെ മേലധികാരിയായ ഒരു ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹത്തെ തിരിച്ചെടുത്ത് താന്‍ നിര്‍ദേശിക്കുന്നയിടത്ത് നിയമിക്കണമെന്നും തനിക്കെതിരേ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു.