
പണിമുടക്കി സമരം ചെയ്ത ജീവനക്കാർക്കെതിരെ പ്രതികാര നടപടി; പണിമുടക്കി പ്രതിഷേധിച്ചവരുടെ ശമ്പളം മാത്രം പ്രത്യേകമായി വൈകിപ്പിക്കാൻ നിർദേശം; സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായതോടെ നടപടി പിൻവലിച്ച് കെഎസ്ആർടിസി
തിരുവനന്തപുരം: പണിമുടക്കി സമരം ചെയ്തവർക്കെതിരെയുള്ള നടപടി പിൻവലിച്ച് കെഎസ്ആർടിസി. ഒന്നാം തിയതി ശമ്പളം നൽകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങളാണ് സമരം ചെയ്തത്. ഇവർക്കെതിരെ സ്വീകരിച്ച പ്രതികാര നടപടിയാണ് നിലവിൽ മാനേജ്മെൻറ് പിൻവലിച്ചത്.
പണിമുടക്കിയവർക്ക് ഡയസ്‌നോൺ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരുന്നത്. ഈ നിർദേശമാണ് പുതിയ ഉത്തരവിലൂടെ പിൻവലിച്ചത്. ജീവനക്കാർക്കെതിരെയുള്ള പ്രതികാര നടപടി വാർത്തയായിരുന്നു. തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്.
പ്രതിഷേധം ശക്തമായതോടെയാണ് പുതിയ നടപടി. ഒരു ദിവസത്തെ ശമ്പളം പിടിക്കാൻ തീരുമാനിച്ചതിന് പുറമെ സമരം ചെയ്ത ജീവനക്കാരുടെ ശമ്പള ബിൽ പ്രത്യേകം തയ്യാറാക്കാൻ കോർപ്പറേഷൻ നിർദേശം നൽകിയിരുന്നു. ഡയസ്‌നോൺ ബാധകമല്ലാത്ത ജീവനക്കാരുടെ ബില്ലുകൾ സമയബന്ധിതമായി പ്രോസസ് ചെയ്ത് അപ്രൂവൽ നൽകണമെന്നും ഡയസ്‌നോൺ എൻട്രി വരുന്ന ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്പളം സ്പാർക്ക് സെല്ലിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കു മാത്രമേ അനുവദിക്കാവൂ എന്നും ചീഫ് അക്കൗണ്ട് ഓഫിസർ നേരത്തെ നൽകിയ നിർദേശത്തിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടർന്ന് പണിമുടക്കി പ്രതിഷേധിച്ചവരുടെ ശമ്പളം മാത്രം പ്രത്യേകമായി വൈകിക്കാനുള്ള നിർദേശത്തിനെതിരെ പ്രതിപക്ഷ യൂണിയൻ പ്രതിനിധികൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാരുടെ സംഘടനയായ ടിഡിഎഫ് നേതാക്കൾ ഡിപ്പോകളിലും ചീഫ് ഓഫീസ് ആസ്ഥാനത്തും ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ഉത്തരവ് ഉടൻ പിൻവലിച്ചില്ലെങ്കിൽ ചീഫ് അക്കൗണ്ട്സ് ഓഫിസറെ ഓഫീസിൽ കയറ്റില്ലെന്നും ടിഡിഎഫ് പ്രഖ്യാപിച്ചു.
പ്രതിപക്ഷ സംഘടന പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നതിനിടെയാണ് എല്ലാ ജീവനക്കാരുടെയും ശമ്പള ബില്ലുകൾ ഒന്നിച്ച് പരിഗണിക്കണമെന്നും മാർച്ച് ഒന്നാം തീയതിക്ക് മുമ്പ് അനുമതി നൽകണമെന്നും ചൂണ്ടിക്കാട്ടി ഇന്ന് ചീഫ് അക്കൗണ്ട്സ് ഓഫീസർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.