ആലപ്പുഴ: പൊതുവഴി വീതികൂട്ടുന്നതിന് നോട്ടീസ് നല്‍കിയിട്ടും പൊളിക്കാതിരുന്ന പള്ളാത്തുരുത്തിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച സംഭവത്തില്‍ എച്ച്. സലാം എംഎൽഎയെ ഒന്നാംപ്രതിയാക്കി ജാമ്യമില്ലാവകുപ്പ് പ്രകാരം നാലുപേര്‍ക്കെതിരേ സൗത്ത് പോലീസ് കേസെടുത്തു.
പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനു, പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ ജോളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കണ്ടാലറിയാവുന്ന മറ്റൊരാള്‍ നാലാംപ്രതിയുമാണ്. 2024 ഡിസംബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം.
പള്ളാത്തുരുത്തിയില്‍ സ്വകാര്യ ബോട്ടുകമ്പനിയുടെ മതില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പൊളിച്ചുവെന്നാണു പരാതി. എസി റോഡില്‍ പള്ളാത്തുരുത്തി പാലത്തിനു സമീപത്തുനിന്ന് കിഴക്കുഭാഗത്തേക്കുള്ള റോഡ് 1.87 കോടി ചെലവില്‍ ബലപ്പെടുത്താനും വീതി കൂട്ടാനുമായി മതില്‍ പൊളിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്കു പലതവണ നിര്‍ദേശം നല്‍കിയെങ്കിലും അതു പാലിക്കാതെവന്നതോടെയാണ് മതില്‍ പൊളിക്കേണ്ടിവന്നതെന്നാണ് എംഎല്‍എയുടെ വിശദീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മതില്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പും റിസോര്‍ട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈസമയത്ത് പാടശേഖരത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടുകയും നോട്ടീസ് നല്‍കിയിട്ടും നപടിയുണ്ടാവാത്ത സാഹചര്യത്തിലുമാണ് മതില്‍ പൊളിച്ചതെന്നാണ് വിശദീകരണം. ഹൗസ്‌ബോട്ട് കമ്പനി ഓഫീസിലേക്ക് അതിക്രമിച്ചുകയറി ആറുമീറ്റര്‍ നീളത്തില്‍ മതില്‍ പൊളിച്ചപ്പോള്‍ അതിനോടു ചേര്‍ന്നുള്ള പൈപ്പു ലൈനുകള്‍ക്ക് കേടുസംഭവിച്ചു. ഇതില്‍ ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നു പരാതിയില്‍ പറയുന്നുണ്ട്.