കുമരകത്തെ ഹരിത കർമ്മസേനക്ക് മാലിന്യ നീക്കത്തിനായി ഇനി ഇ-ഓട്ടോറിക്ഷയും: 4 ഓട്ടോ റിക്ഷ വാങ്ങാൻ പദ്ധതി

Spread the love

കുമരകം : പഞ്ചായത്തിലെ ഹരിത കർമ്മസേനക്ക് ഇനി അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇലക്ട്രിക് ഓട്ടോറിക്ഷ സഹായമാകും. വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ വാർഡുകളിലെ എംസിഎഫിൽ സൂക്ഷിക്കും.

ഇവ പഞ്ചായത്തിലെ കണ്ണാടിച്ചാലിലുള്ള പ്രധാന എംസിഎഫിലേക്കു എത്തിക്കുന്നതിനാണു ഇ-ഓട്ടോറിക്ഷ ഉപയോഗിക്കുക. പഞ്ചായത്ത് 4 ഇ-ഓട്ടോറിക്ഷ വാങ്ങുന്നതിനായാണു പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതിൽ ആദ്യഘട്ടമായി ഹരിത കർമ സേനയ്ക്ക് ഒരെണ്ണമാണു നൽകിയത്.

ഒന്നിന് 5.29 ലക്ഷം രൂപയാണു വില. കാർബൺ മലിനീകരണം ഒഴിവാക്കുക എന്നതു ലക്ഷ്യമിട്ടാണു ഇ-ഓട്ടോറിക്ഷ ലഭ്യമാക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിത കർമ സേനയിലെ അംഗങ്ങളെ ഇ-ഓട്ടോറിക്ഷ ഡ്രൈവിംഗ് പഠിപ്പിച്ചിരുന്നു. വാർഡുകളിലെ എംസിഎഫിൽ നിന്നു വളരെ വേഗത്തിൽ തന്നെ പ്രധാന എംസിഎഫിൽ എത്തിക്കാൻ ഇതോടെ കഴിയും.

വാടകയ്ക്ക് വാഹനം എടുത്താണ് മാലിന്യം പ്രധാന എം സി എഫിൽ എത്തിച്ചിരുന്നത്. ഇ-ഓട്ടോറിക്ഷ ഹരിത കർമസേനയ്ക്ക് നൽകുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർഷ ബൈജു, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.