play-sharp-fill
സംഗീതത്തിന്റെ സ്വർണച്ചാമരങ്ങൾ വീശിയെത്തിയ , സ്വപ്നങ്ങളെ സ്വർഗ്ഗകുമാരികളാക്കിയ ഈ സംഗീതസരസ്വതി മലയാള മനസ്സിൽ സ്വർണച്ചിറകുകളുടെ പ്രഭാപൂരത്താൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ്: ഇന്ന് പി.ലീലയുടെ ഓർമ്മ ദിനം

സംഗീതത്തിന്റെ സ്വർണച്ചാമരങ്ങൾ വീശിയെത്തിയ , സ്വപ്നങ്ങളെ സ്വർഗ്ഗകുമാരികളാക്കിയ ഈ സംഗീതസരസ്വതി മലയാള മനസ്സിൽ സ്വർണച്ചിറകുകളുടെ പ്രഭാപൂരത്താൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ്: ഇന്ന് പി.ലീലയുടെ ഓർമ്മ ദിനം

കോട്ടയം: 1946 -ൽ നടന്ന ഒരു സംഭവമാണ്. പഴയ മദ്രാസ് നഗരത്തിൽ
“ആന്ധ്ര മഹിളാസഭ “യുടെ ഒരു സംഗീതക്കച്ചേരി നടക്കുന്നു. പരിപാടിയിൽ പാടാൻ 12 വയസ്സുള്ള ഒരു മലയാളിപെൺകുട്ടിയുമുണ്ട് . കച്ചേരിയിൽ പാടിയ ഈ പെൺകുട്ടിയുടെ സുവർണ്ണനാദം കേട്ട കൊംളംബിയ റെക്കോർഡിങ് കമ്പനി അവരുടെ പാട്ടുകൾ പാടാൻ ഈ പെൺകുട്ടിയെ ക്ഷണിക്കുകയും പാടിപ്പിക്കുകയും ചെയ്തു.
മാത്രമല്ല എച്ച് ആർ പത്മനാഭ ശാസ്ത്രികളുടെ സംഗീതത്തിൽ “കങ്കണം “എന്ന തമിഴ് സിനിമയിൽ പാടാനും ഈ പെൺകുട്ടിക്ക് അവസരമുണ്ടായി.

പാലക്കാട് ചിറ്റൂർ സ്വദേശിനിയായ ഈ പെൺകുട്ടിയാണ് മലയാളത്തിൽ ആദ്യമായി പിന്നണി ഗാനങ്ങൾക്ക് തുടക്കം കുറിച്ച “നിർമ്മല ” എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി അരങ്ങേറി പിന്നീട് വിവിധ ഭാഷകളിലായി ആയിരത്തിലധികം
പാട്ടുകൾ പാടി
കേരളക്കരയുടെ അഭിമാനമായി മാറിയ പി. ലീല .

പി . ലീലയുടെ സൗഭാഗ്യത്തെക്കുറിച്ച് മറ്റൊരു സംഭവം കൂടി പറയാം.
ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാനെ പള്ളിയുണർത്തുന്ന
“നാരായണീയം ” എന്ന കാവ്യം റെക്കോർഡിലാക്കാൻ ദേവസ്വം ബോർഡ് തീരുമാനിക്കുന്നു. തിരുപ്പതിയിലെ വെങ്കിടേശ്വര സുപ്രഭാതത്തിലൂടെ ലോക പ്രശസ്തി നേടിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.എസ്.സുബ്ബലക്ഷ്മിയെ കൊണ്ട് പാടിപ്പിക്കാൻ തീരുമാനിച്ചെങ്കിലും അവർക്ക് എന്തോ അസൗകര്യം മൂലം റെക്കോർഡിങ്ങിന് എത്താൻ കഴിഞ്ഞില്ല. അവസാനം ആ ഭാഗ്യം കൈവന്നതും മലയാളത്തിലെ നാലാമത്തെ ചിത്രത്തിൽ തന്നെ പിന്നണി പാടിയ പി.ലീല എന്ന ഗായികയ്ക്കായിരുന്നു.
ഇപ്പോഴും ഗുരുവായൂരിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് മനസ്സിൽ ഭക്തിയുടെ അമൃതമഴ പെയ്യിച്ചു കൊണ്ട് നാരായണീയം പി.ലീലയുടെ സ്വരമാധുരിയിലൂടെ ക്ഷേത്ര നഗരിയിലെങ്ങും അലയടിച്ചു കൊണ്ടേയിരിക്കുന്നു .

1948 – ൽ “നിർമ്മല ” എന്ന ചിത്രത്തിൽ പിന്നണി പാടിയെങ്കിലും 1954-ൽ ഇറങ്ങിയ ” സ്നേഹസീമ ” എന്ന ചിത്രത്തിലെ

“കണ്ണും പൂട്ടിയുറങ്ങുക
നീയെൻ കണ്ണേ പുന്നാരപ്പൊന്നുമകളേ …..”

എന്ന എക്കാലവും ഓർമ്മിക്കുന്ന താരാട്ടുപാട്ടിലൂടെയാണ് പി.ലീലയുടെ പ്രശസ്തി വാനോളമുയരുന്നത്.

പിന്നീട് അര നൂറ്റാണ്ടോളം
ഏകദേശം അറുന്നൂറിലധികം സുന്ദര ഗാനങ്ങളിലൂടെ അവർ മലയാള സിനിമയിൽ
നിറഞ്ഞു നിന്നു.

“കാവ്യമേള ” എന്ന ചിത്രത്തിലെ “സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ ” എന്ന ഗാനരംഗത്തിൽ ഒരു ഗായികയായി തന്നെ പി.ലീല പ്രത്യക്ഷപ്പെടുന്നുണ്ട്.

” അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ … ”
(ഓടയിൽ നിന്ന് – വയലാർ -ദേവരാജൻ)
“ആദ്യത്തെ കൺമണി ആണായിരിക്കണം …”
(ഭാഗ്യജാതകം യേശുദാസിനോടൊപ്പം
പി ഭാസ്കരൻ – ബാബുരാജ് ) “പൊന്നണിഞ്ഞിട്ടില്ല ഞാൻ …. ”
(നായരു പിടിച്ച പുലിവാല് ,
പി ഭാസ്കരൻ – കെ രാഘവൻ ) “കല്യാണക്കുരുവിക്ക് പുല്ലാനി
പുര കെട്ടാൻ …. ”

(ആഭിജാത്യം ,പി ഭാസ്കരൻ –
എ ടി ഉമ്മർ )
” സുന്ദരസ്വപ്നമേ നീയെനിക്കേകിയ വർണ്ണച്ചിറകുകൾ വീശി ..”.(ഗുരുവായൂർ കേശവൻ –
പി ഭാസ്കരൻ – ദേവരാജൻ) “ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം … ”
(ഭാര്യമാർ സൂക്ഷിക്കുക –
യേശുദാസിനോടൊപ്പം, ശ്രീകുമാരൻ തമ്പി – ദക്ഷിണാമൂർത്തി )
“സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ …. ”
(കാവ്യമേള- യേശുദാസിനോടൊപ്പം, വയലാർ – ദക്ഷിണാമൂർത്തി)
“നാരായണായ നമ: നാരായണായ നമ: …. ”

(ചട്ടക്കാരി- വയലാർ-ദേവരാജൻ )
“കണി കാണും നേരം …. ”
(ഓമനക്കുട്ടൻ – രചന പൂന്താനം നമ്പൂതിരി – സംഗീതം ദേവരാജൻ ,രേണുകയോടൊപ്പം )
“അഷ്ടമുടിക്കായലിലെ … ” (മണവാട്ടി – യേശുദാസിനോടൊപ്പം വയലാർ – ദേവരാജൻ )
“വിരലൊന്നു മുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന
മണിവീണക്കമ്പികളേ …”
(ഡോക്ടർ , പി ഭാസ്കരൻ – ദേവരാജൻ)
“കൊട്ടും ഞാൻ കേട്ടില്ല
കുഴലും ഞാൻ കേട്ടില്ല …”

(തച്ചോളിഒതേനൻ – പി ഭാസ്കരൻ – ബാബുരാജ് )
“മുത്തോലക്കുടയുമായി മുന്നാഴി പൂവുമായ് …”
( കടത്തുകാരൻ – വയലാർ – ബാബുരാജ് )
“സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ ..”
(യക്ഷി – യേശുദാസിനോടൊപ്പം വയലാർ – ദേവരാജൻ)
“സ്വർഗ്ഗവാതിലേകാദശി വിരുന്നുവന്നു സ്വപ്നലോലയായ് ഞാനുണർന്നു … ”
(മറുനാട്ടിൽ ഒരു മലയാളി ശ്രീകുമാരൻ തമ്പി – ദക്ഷിണാമൂർത്തി ) എന്നിങ്ങനെയുള്ള എത്രയോ ചേതോഹരഗാനങ്ങളാണ് പി.ലീല കൈരളിക്ക് സമ്മാനിച്ചിരിക്കുന്നത്.

1969-ൽ കേരള ഗവൺമെന്റ് ആദ്യമായിചലച്ചിത്ര അവാർഡുകൾ ഏർപ്പെടുത്തിയപ്പോൾ മികച്ച ഗായികക്കുള്ള ആദ്യ പുരസ്ക്കാരം ലഭിച്ചത് പി.ലീലക്കായിരുന്നു. (ഉജ്ജയിനീയിലെ ഗായിക …. ” ചിത്രം :കടൽപ്പാലം – വയലാർ – ദേവരാജൻ )
1934 മെയ് 19-ന് പാലക്കാട് ജില്ലയിലെ ചിറ്റൂരിലെ പുറയത്ത് വീട്ടിൽ ജനിച്ച പി.ലീല
2005 ഒക്ടോബർ 31 -ന് അന്തരിച്ചു .
ഇന്ന് അവരുടെ ഓർമ്മദിനം …

സംഗീതത്തിന്റെ സ്വർണച്ചാമരങ്ങൾ
വീശിയെത്തിയ ,
സ്വപ്നങ്ങളെ സ്വർഗ്ഗകുമാരികളാക്കിയ
ഈ സംഗീതസരസ്വതി മലയാള മനസ്സിൽ സ്വർണച്ചിറകുകളുടെ പ്രഭാപൂരത്താൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ്.