
കൊല്ലം; മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതി അജ്മൽ, രണ്ടാം പ്രതി ശ്രീക്കുട്ടി എന്നിവരെയാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. ഇരുവരേയും മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യത്തിൽ കോടതി വാദം കേൾക്കും.
രണ്ടുപേരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കണമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇതിനു പിന്നാലെ നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രീക്കുട്ടി റിമാൻഡിൽ തുടരുകയാണ്. ഒന്നാം പ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മലും റിമാൻഡിലാണ്. ആനൂർക്കാവ് പഞ്ഞിപുല്ലും വിളയിൽ കുഞ്ഞുമോൾ (47) ആണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞുമോളെ കാറിടിച്ചിട്ടിട്ടും ശരീരത്തിലൂടെ കാർ കയറ്റി മുന്നോട്ടെടുക്കാൻ അജ്മലിന് നിർദേശം നൽകിയത് ശ്രീക്കുട്ടിയായിരുന്നു. അജ്മലും ശ്രീക്കുട്ടിയും മദ്യലഹരിയിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.അജ്മലിൻറെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.
അതേസമയം വീട്ടമ്മയെ ഇടിച്ച കാറിന് അപകട ദിവസം ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നും അപകട ശേഷം ഇൻഷുറൻസ് പുതുക്കുകയായിരുന്നൂവെന്നും കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി അജ്മലിൻ്റെ സുഹൃത്തിൻ്റെ അമ്മയുടെ പേരിലുള്ളതാണ് കാർ.
കഴിഞ്ഞ വർഷം ഡിസംബർ മുപ്പതിന് അവസാനിച്ചതായിരുന്നു ഇൻഷുറൻസ്. കഴിഞ്ഞ ഞായർ വൈകിട്ട് അപകടം ഉണ്ടായതിന് പിന്നാലെ ഓൺലൈൻ വഴി പതിനാറാം തീയതിയാണ് കാറിൻ്റെ ഇൻഷുറൻസ് പുതുക്കിയത്.