ട്രിപ്പിള്‍ വേഷത്തില്‍ തീയായി ടൊവീനോ! അപാരമായ മേക്കിങ്ങും മ്യൂസിക്കും; 50ാം ചിത്രത്തോടെ യുവ നടന് സൂപ്പര്‍താര പരിവേഷം; ഓണം തൂക്കി എ ആര് എം
മലയാള സിനിമയുടെ ഭാഗ്യവര്‍ഷമായി തുടങ്ങിയതാണ് 2024. സമീപകാല ചരിത്രത്തില്‍ ഇല്ലാത്തവിധമുള്ള കളക്ഷനുകള്‍ വന്ന, അടുപ്പിച്ചടുപ്പിച്ച് നാല് നൂറുകോടി ക്ലബ് ചിത്രങ്ങള്‍ പിറഞ്ഞ ആദ്യത്തെ ആറുമാസം തിര മലയാളം ശരിക്കും അര്മാദിക്കയായിരുന്നു.
പക്ഷേ പിന്നീട് അങ്ങോട്ട്, ചിത്രങ്ങള്‍ പൊളിയാന്‍ തുടങ്ങി. ഹിറ്റുകള്‍ ഒന്നുമില്ല. അതിനിടയില്‍ ഇടിത്തീയായാണ് ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വരുന്നത്. തുടര്‍ന്ന് മലയാളത്തിലെ മുന്‍ നിര നടന്മ്മാര് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വന്നു. ഇപ്പോള്‍ അവരില്‍ പലരും ജാമ്യത്തിനായി നെട്ടോട്ടമോടുകയാണ്. ഇങ്ങനെ സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധി അനുഭവിക്കുന്ന ഒരു കാലത്താണ്, ഒരു പുതിയ സൂപ്പര്‍താരം മലയാളത്തില്‍ ഉടലെടുക്കുന്നത്. അതാണ് ടെവീനോ തോമസ്!
അജയന്റെ രണ്ടാം മോഷണം അഥവാ എ ആര് എം എന്ന ത്രീഡി ചിത്രം നന്നായി മാര്‍ക്കറ്റ് ചെയ്യുകയാണെങ്കില്‍, ശരിക്കും ഒരു പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമയാണ്. മൂന്ന് കാലങ്ങളില്‍ നടക്കുന്ന മൂന്ന് വേഷത്തിലെത്തി ടൊവിനോ ത്രസിപ്പിക്കയാണ്. അതില്‍ മണിയന് എന്ന ഒരു കള്ളന്റെ വേഷമുണ്ട്. ശരിക്കും തീ എന്നല്ല കാട്ടുതീ എന്ന് പറയണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കലാപരമായി നോക്കുമ്ബോള്‍ അസാധാരണമായ ചലച്ചിത്രാനുഭവം എന്നൊന്നും വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും, വാണിജ്യപരമായി ഈ ചിത്രം വിജയമാണ്. ഒരു കോമോര്‍ഷ്യല്‍ ഫെസ്റ്റിവല്‍ മൂവിക്കുവേണ്ട എല്ലാതരത്തിലുള്ള ഹരങ്ങളും ചിത്രത്തിലുണ്ട്. അടി, ഇടി, റൊമാന്‍സ്, പാട്ട് അങ്ങനെയെല്ലാം കൂടിച്ചേര്‍ന്നൊരു ഗംഭീര ഓണ വിരുന്ന് തന്നെയാണ് എ ആര് എം. ഛായാഗഹണം, പശ്ചാത്തല സംഗീതം, കളറിങ്, എഡിറ്റിങ് അങ്ങനെയെല്ലാം ഒന്നിനൊന്ന് മികവ് പുലര്‍ത്തിയിട്ടുണ്ട്.
ത്രിഡിയും വിഷ്വല്‍ ഇഫ്ക്്റ്റ്സും, മ്യൂസിക്കുമെല്ലാം ചേരുന്നതോടെ ചിത്രം വേറെ ഒരു ലെവലിലേക്ക് മാറുകയാണ്. കൊച്ചിയില്‍ ഇരുന്നും, ലോകോത്തര നിലവാരത്തിലുള്ള സീജിയൊക്കെ ഒരുക്കാമെന്ന്, മിന്നല്‍ മുരളിയടക്കമുള്ള പടങ്ങള്‍ നമുക്ക്് കാണിച്ചുതന്നിട്ടുണ്ട്. ഇവിടെയും അതുതന്നെയാണ് സംഭവിക്കുന്നത്. സാങ്കേതികമായി മലയാള സിനിമയുടെ മുന്നേറ്റത്തിന്റെ അടയാളമാണ് ഈ ചിത്രവും. നവാഗതനായ ജിതിന്‍ലാല്‍ എന്ന സംവിധായകന് ഇനിയും ഉയരങ്ങളിലേക്ക് എത്താനുള്ള പ്രതിഭയാണെന്ന് ഉറപ്പാണ്.
ടെക്കനിക്കല്‍ പെര്ഫക്ഷന്
നമ്മുടെ നാട്ടിന് പുറത്ത് പ്രചരിപ്പ മാന്ത്രിക- മുത്തശ്ശി കഥകളെപ്പോലെയാണ് ഈ ചിത്രവും. മിത്തും യാഥാര്‍ത്ഥ്യവം ഇടകലരുന്ന ആ കഥകളില്‍ ഓരോ നാട്ടിലും ഓരോ ഹീറോയും വില്ലനും ഉണ്ടാവും. അത്തരത്തിലുള്ള മൂന്ന് തലമുറയുടെ കഥപറയുകയാണ്, ചിത്രം. സുജിത് നമ്ബ്യാരുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ചീയോതിക്കാവ് എന്ന സാങ്കല്പികദേശത്തിന്റെ ചരിത്രത്തിക്കാണ് ചിത്രം പോവുന്നത്. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളന് മണിയന്, കഥ നടക്കുന്ന 90കളില്‍ ജീവിക്കുന്ന അജയന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. മൂന്ന് തലമുറയുടെയും കഥ ഇടകലര്‍ത്തിപ്പറയുന്ന, നോണ്‍ ലീനിയര്‍ ശൈലിയാണ് ചിത്രത്തിന്റെത്. ഇവര്‍ എങ്ങനെ പരസ്പരം കണക്റ്റഡ് ആവുന്നു എന്നിടത്താണ് കഥയുടെ സസ്പെന്‍സ്. അത് ഗംഭീരമായി എക്സിക്യൂട്ട് ചെയ്യാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇതില്‍ മണിയന് എന്ന കള്ളന്റെ കഥയിലേക്ക് എത്തുമ്ബോള്‍ പടം ഹൈ ലെവലില്‍ ആവുകയാണ്. മണിയന്, സംഗീതസംവിധായകനായ ദിബു നൈനാന് തോമസ് കൊടുത്ത മ്യൂസിക്ക് ഒന്ന് കേള്‍ക്കണം. ശരിക്കും ത്രില്ലടിച്ചുപോവും. പക്ഷേ ആ അഡ്രിനാലില്‍ ഹൈപ്പ് അജയന് എന്ന ആധുനിക കാലത്ത് ജീവിക്കുന്ന കഥാപാത്രത്തില്‍നിന്ന് കിട്ടുന്നില്ല. കള്ളന് മണിയന്റെ കഥ മാത്രമാക്കി ചിത്രം എടുക്കയാണെങ്കില്‍ പടം വേറെ ലെവല്‍ ആവുമായിരുന്നു.
90-കളിലും കേരളത്തില്‍ നിലനിന്നിരുന്ന ജാതിയെയും ചിത്രം പ്രശ്നവത്ക്കരിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു നാട്ടുപ്രമാണി, സംവരണം ഉദ്ദേശിച്ച് ‘ നിങ്ങള്‍ക്ക് ജോലി കിട്ടാന്‍ എളുപ്പമാണേല്ലെ’ എന്ന് പറയുന്ന ഒരു ഡയലോഗില്നിന്നൊക്കെ കാര്യം വ്യക്തമാണ്. കള്ളന്റെ പാരമ്ബര്യം, അജയന് എന്ന സാധുമനുഷ്യന്റെ ജീവിതം എങ്ങനെ ദുസ്സഹമാക്കുന്നുവെന്ന് ചിത്രം പറയുന്നുണ്ട്. അഭിമാനത്തോടെ പിറന്ന നാട്ടില്‍ ജീവിക്കാനായി ഒരു വ്യക്തി നടത്തുന്ന പോരാട്ടത്തിന്റെ കഥ കൂടിയാണ് എ ആര് എം.
മലയാളത്തില്‍ ഇത്തരം ഫാന്റസി- മിസ്റ്റിക്ക് പടങ്ങള്‍ ഒരുക്കുമ്ബോഴുള്ള പ്രശ്നം, അതിന് പറ്റിയ ടെക്ക്നിക്കല്‍ ടീം ഇല്ലാത്തതാണ്്. (മുമ്ബ് എം ടിയുടെ ‘മാണിക്യക്കല്ല്’ എന്ന സ്ക്രിപിറ്റ് സിനിമയാക്കാനായി ഗുഡ്നൈറ്റ് മോഹന്‍ ഹോളിവുഡിലൊക്കെപോയി പഠനം നടത്തി, പിന്നെ ചിത്രം ഒഴിവാക്കുകയായിരുന്നു. ഇന്നായിരുന്നെങ്കില്‍ നമുക്ക് മാണിക്യക്കല്ല് കൊച്ചിയില്‍ എടുക്കാമായിരുന്നു)
മൊബൈലിലോ, ഒടിടിയിലോ ഒന്നും കാണേണ്ട ചിത്രമല്ല ഇത്. ശരിക്കും തീയേറ്ററില്‍, ത്രീഡിയില്‍ തന്നെ കാണണം. ചിത്രത്തിന്റെ ടെക്ക്നിക്കല്‍ പെര്ഫക്ഷന് ആപ്പോഴാണ് ബോധ്യപ്പെടുക. ക്യാമക്ക് പിന്നില്‍് ജോമോന് ടി ജോണ്‍ ആണെങ്കില്‍ പിന്നെ പ്രത്യേകം പറയേണ്ട കാര്യമില്ല. ദിബു നൈനാന് തോമസ് മലയാളത്തിന്റെ അനിരുദ്ധ് രവിചന്ദ്രറാണ്. മണിയന് ഓടുമ്ബോഴൊക്കെ പുള്ളികൊടുത്ത മ്യൂസിക്ക് കിടുവാണ്. സംഘട്ടന സംവിധായകരായ വിക്രം മോര്, ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ് എന്നിവരും കയ്യടി അര്‍ഹിക്കുന്നു.
ടെവീനോ എന്ന സൂപ്പര്‍ സ്റ്റാര്‍
അജയന്റെ കുട്ടുകാരനായി എത്തുന്ന ബേസില്‍ ജോസഫിനെ കാണിക്കുമ്ബോള്‍ തന്നെ തീയേറ്ററില്‍ കൈയടികള്‍ ഉയരുന്നത് ആ നടന്റെ ജനപ്രീതി തെളിയിക്കുന്നു. കുറച്ചു സമയമേ ജഗദീഷ് സ്ക്രീനില്‍ ഉള്ളൂവെങ്കിലും ലുക്ക് കൊണ്ടും അഭിനയം കൊണ്ടും അദ്ദേഹം ശ്രദ്ധപിടച്ചുപറ്റുന്നു. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളെ ചിത്രീകരിക്കുന്ന മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ഇതില്‍ മാണിക്കമായി എത്തിയ സുരഭി ലക്ഷ്മിയാണ് ശ്രദ്ധേയമായത്. ഹരീഷ് ഉത്തമന്, നിസ്താര്‍ സേട്ട്, രോഹിണി, സുധീഷ്, സന്തോഷ് കീഴാറ്റൂര്‍, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ് തുടങ്ങിയ വലിയ ഒരു താര നിരയുണ്ട് ചിത്രത്തില്‍.
പക്ഷേ ഈ ചിത്രത്തിലെ മാന്‍ ഓഫ് ദി മാച്ചും ടൊവീനോ തന്നെതാണ്. 2012-ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ടൊവീനോ, വളരെ പെട്ടെന്നാണ് നായക പദവിയലേക്ക് ഉയര്‍ന്നത്. ഒരു മെക്സിക്കന്‍ അപാരതയും, മായാനദിയും, മിന്നല്‍ മുരളിയും, 2018 മൊക്കെയായി ഹിറ്റുകള്‍ ആവര്‍ത്തിച്ച നടന്. പക്ഷേ ലക്ഷണമൊത്ത ഒരു ഹീറോക്കിണങ്ങുന്ന വേഷം അദ്ദേഹത്തിന് ഇപ്പോഴാണ് കിട്ടുന്നത്. അതില്‍ ഈ 36കാരന് കസറിയെന്ന് പറയാം. ശരിക്കും ഒരു സൂപ്പര്‍താര പരിവേഷമാണ് ഈ ഒറ്റ ചിത്രത്തിലുടെ, ഈ ഇരിങ്ങാലക്കുടക്കാരന് കിട്ടുന്നത്.
ചിത്രത്തിലെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത് ചില ഭാഗങ്ങളില്‍ സ്ക്രിപിറ്റിന്റെ വീക്ക്നെസ്സാണ്. പലയിടത്തും മിസ്സിങ്സും ലൂപ്പ് ഹോള്സുമുണ്ട്്. അജയന് കളരിയിലെ ആ തല്ലുമത്സരം തോറ്റ് കൊടുക്കുന്നത് എന്തിനാണ് എന്ന് കൃത്യമായി കണ്‍വിന്‍സ് ചെയ്യപ്പെടുന്നില്ല. മൂന്ന് റോളുകളും വ്യത്യസ്തമാക്കാനായി അജയനെ കുറിച്ച് ബ്ലാക്കടിപ്പിച്ചതായും തോനുന്നുണ്ട്. സുരഭിയുടെ വൃദ്ധവേഷത്തില്‍ പലപ്പോഴും, നാടകവും, ഫാന്‍സി ഡ്രസും കടന്നുവരുന്നുണ്ട്.
അതുപോലെ മോഹന്‍ലാലിന്റെ നറേഷനിലൂടെ തുടങ്ങുന്ന പടത്തില്‍ പഴയ മഹാഭാരതം സീരിയല്‍ തുടങ്ങുന്നതുപോലെ ഞാന്‍ കാലമാണ് എന്ന മോഡലില്‍ എന്തൊക്കെയോ പറയുന്നു. തീര്‍ത്തും അനാവശ്യം. പക്ഷേ ലാലിന്റെ ശബ്ദംപോലും തീയേറ്റില്‍ ഓളമുണ്ടാക്കുന്നുണ്ട്. ചെറിയ ചെറിയ പോരായ്മകള്‍ ഉണ്ടെങ്കിലും, മൊത്തത്തില്‍ ഒരു ഓണക്കാല ആഘോഷ ചിത്രം എന്ന നിലയില്‍ ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണിത്.
വാല്‍ക്കഷ്ണം: ജാതിക്കെതിരെ നിലകൊള്ളുന്ന ചിത്രമാണിത്. ചിത്രത്തിന്റെ എഴുത്തുകാരന്റെ പേരിലുമുണ്ട് നമ്ബ്യാര്‍ എന്ന ജാതിവാല്. എന്നിട്ടും സിനിമ അതിനെതിരായ രാഷ്ട്രീയം പറയുന്നു. ഒരു പേരിലെന്തിരിക്കുന്ന എന്ന രീതിയില്‍ പോസറ്റീവായി എടുത്താല്‍ മതി ഈ വൈരുദ്ധ്യവും.