
ലക്നൗ: ഉത്തർപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കാനും സിനിമ കാണാനുമാണ് ഇയാൾ പോലീസ് വേഷം കെട്ടിയിരുന്നത്. ലക്നൗവ്വിലാണ് സംഭവം.
പോലീസ് യൂണിഫോമിലെത്തി ടിക്കറ്റ് എടുക്കാതെ സിനിമ കാണുകയും പണം നൽകാതെ തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പോലീസുകാരനെതിരെ പരാതി ഉയർന്നതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ബാഹ്റൈച്ച് സ്വദേശിയായ റോമിൽ സിംഗാണ് അറസ്റ്റിലായത്. പോലീസിൽ ചേരണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്ന യുവാവിന് പക്ഷേ പരീക്ഷ പാസാകാനായില്ല.ഇതിനാലാണ് യുവാവ് തട്ടിപ്പ് തുടങ്ങിയത്. പോലീസുകാരൻ പതിവായി സിനിമ ഫ്രീയായി കാണാനെത്തിയതോടെയാണ് തിയറ്റർ ഉടമകൾക്ക് സംശയം തോന്നിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാഹ്റൈച്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും ബാരാബങ്കിയിൽ ഡ്യൂട്ടിയിലാണെന്നുമാണ് ഇയാൾ നാട്ടുകാരോട് വിശദമാക്കിയിരുന്നത്. തിരക്കാനെത്തിയ പോലീസുകാരോടും ഇത് തന്നെയാണ് ഇയാൾ വിശദമാക്കിയത്.
പിന്നാലെ പോലീസ് ഡാറ്റാ ബേസ് പരിശോധിച്ചതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. ഇതോടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് അടക്കം പോലീസ് പിടികൂടി. ഇയാൾക്കൊപ്പം മറ്റാരെങ്കിലും തട്ടിപ്പിൽ പങ്കു പറ്റിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നുണ്ട്.







