play-sharp-fill
നിയന്ത്രണം വിട്ട ലോറി കാറും പമ്പിന്റെ മോണോലിത്തും ഡിവൈഡറും തകര്‍ത്തു ; അപകടം നടന്നത് കടുത്തുരുത്തി – തലയോലപ്പറമ്പ് റോഡില്‍ ഇല്ലിത്തൊണ്ടിന് സമീപമുള്ള പെട്രോള്‍ പമ്പിന് മുൻവശം ; അപകടത്തിൽ ഇരുവാഹനങ്ങളിലും ഉണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപെട്ടു

നിയന്ത്രണം വിട്ട ലോറി കാറും പമ്പിന്റെ മോണോലിത്തും ഡിവൈഡറും തകര്‍ത്തു ; അപകടം നടന്നത് കടുത്തുരുത്തി – തലയോലപ്പറമ്പ് റോഡില്‍ ഇല്ലിത്തൊണ്ടിന് സമീപമുള്ള പെട്രോള്‍ പമ്പിന് മുൻവശം ; അപകടത്തിൽ ഇരുവാഹനങ്ങളിലും ഉണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ് : നിയന്ത്രണം വിട്ട നാഷണല്‍ പെർമിറ്റ് ലോറി പെട്രോള്‍ പമ്പില്‍നിന്ന് ഇറങ്ങുകയായിരുന്ന കാറിലിടിച്ച ശേഷം പമ്പിന്റെ മോണോലിത്തും ഡിവൈഡറും ഇടിച്ച്‌ തകർത്തു. ഇരുവാഹനങ്ങളിലും ഉണ്ടായിരുന്നവർ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. കടുത്തുരുത്തി – തലയോലപ്പറമ്ബ് റോഡില്‍ ഇല്ലിത്തൊണ്ടിന് സമീപമുള്ള പെട്രോള്‍ പമ്പിന് മുൻവശത്താണ് അപകടം.


പമ്ബില്‍നിന്നു ഡീസലടിച്ചതിനുശേഷം പാലയിലേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറങ്ങുകയായിരുന്ന വൈക്കം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശം ഇടിച്ചു തകർത്തശേഷം ലോറി പമ്ബിലെ ഡിവൈഡറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ കാറ് എതിർദിശയിലേക്ക് തിരിഞ്ഞുപോയി. പമ്ബിലെ ജീവനക്കാർ ഫയർ എക്‌സ്റ്റിൻഗ്യൂയിഷർ ഉപയോഗിച്ച്‌ അപകട സമയത്തുണ്ടായ തീപ്പൊരി അണച്ചത് വൻ അപകടം ഒഴിവാക്കി. വൈക്കം ചെമ്മനത്തുകര വലിയവീട്ടില്‍ ബാബു (62), ബന്ധു ചെമ്മനത്തുകര കോവാട്ട് വീട്ടില്‍ അരുണ്‍ (45) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

കോട്ടയം നീലംപേരൂർ രാജേഷ് (45), ക്ലീനർ കൈപ്പുഴ സ്വദേശി അനീഷ് (42) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. കോട്ടയത്തുനിന്ന് പൂനെയിലേക്ക് പായ്ക്കിംഗ് കെയ്‌സിനായുള്ള തടിയുമായി പോകുകയായിരുന്ന നാഷണല്‍ പെർമിറ്റ് ലോറിയാണ് അപകടമുണ്ടാക്കിയത്.

ലോറിയുടെ മുൻവശവും എൻജിനും പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് തലയോലപ്പറമ്ബ് ഏറ്റുമാനൂർ റോഡില്‍ ഭാഗീകമായി ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്ബ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.